ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിനാഘോഷ പരിപാടികൾ മലപ്പുറത്ത് സമാപിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നിരവധി കുട്ടികളാണ് മുത്തുക്കുടകളുടെയും ബാന്റ് വിദ്യത്തിന്റെയും അകമ്പടിയോടെ ശിശുദിന റാലിയിൽ അണിനിരന്നത്. കളക്ടറുടെ വസതിയുടെ മുമ്പിൽ നിന്ന് ആരംഭിച്ച റാലി ജില്ലാ കളക്ടർ വി.ആർ വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു.
എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളും റോളർ സ്‌കേറ്റിങ്ങ് കുട്ടികളും റാലിയിൽ പങ്കെടുത്തു. റാലി ടൗൺ ഹാൾ പരിസരത്ത് സമാപിച്ചു. ടൗൺ ഹാളിൽ നടന്ന ശിശുദിന സംഗമത്തിന് എൽ.പി-യു.പി വിഭാഗം പ്രസംഗ മത്സരത്തിലെ വിജയികളായ കുട്ടികളുടെ പ്രസിഡൻറ് ടി.എം മുഹമ്മദ് നോഷിൻ, കുട്ടികളുടെ സ്പീക്കർ പി.കെ എമിൻ റാബിയ, കുട്ടികളുടെ പ്രധാന മന്ത്രി പി.കെ റിയ സൻഹ എന്നീ നിലകളിൽ ശിശുദിന സംഗമം നിയന്ത്രിച്ചു.
അഗ്ന ആഷ്മി സുരേഷ് സ്വാഗതവും മുഹമ്മദ് ദാനിഷ് നന്ദിയും പറഞ്ഞു. ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം കായിക, ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. തുടർന്ന് പ്രത്യേക മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളുടെ അവതരണങ്ങൾ ഉജ്ജ്വല ബാല്യ സംഗമത്തിൽ നടന്നു. പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു.
റാലിയിലെ മികച്ച പ്രകടനത്തിന് സെന്റ് ജെമ്മാസ് ഹയർ സെക്കൻഡറി സ്‌കൂൾ, മലപ്പുറം എ.യു.പി സ്‌കൂൾ എന്നീ വിദ്യാലയങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മലപ്പുറം മുനിസിപ്പൽ കൗൺസിലർ പി.എസ്.എ സബീർ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ് കുമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട്, കെ ജയപ്രകാശ്, സി. സുരേഷ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോസ്മി ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത അറ്റാശേരി, പ്രസീത ഏലംകുളം എന്നിവർ ഉജ്ജ്വലബാല്യ സംഗമത്തിന് നേതൃത്വം നൽകി. വിവിധ മേഖലകളിലെ പ്രതിഭകളായ 15 കുട്ടികൾ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി. സതീശൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അംഗൻവാടി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ വരച്ച 600 ലേറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വി.ആർ യശ്പാൽ നന്ദി പറഞ്ഞു.