കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കീഴിലുള്ള കമ്പമല തേയില തോട്ടം തൊഴിലാളികള്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിനായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ അദാലത്ത് നടത്തി. ജില്ലാ ഭരണകൂടം, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്, കെ.എഫ്.ഡി.സി, അക്ഷയ, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് അദാലത്ത് നടത്തിയത്. കമ്പമല എസ്റ്റേറ്റിലെ ആധികാരിക രേഖകള്‍ കൈവശമില്ലാത്ത തൊഴിലാളികള്‍ക്ക് രേഖകള്‍ നല്‍കാനാണ് സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തിയത്.

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, വിവിധ ബാങ്കിംഗ് സേവനങ്ങള്‍ തുടങ്ങിയവയാണ് അദാലത്തിലൂടെ ലഭ്യമാക്കിയത്. അദാലത്ത് സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. കമ്പമല എസ്റ്റേറ്റിലെ കെ. ഐശ്വര്യക്ക് റേഷന്‍ കാര്‍ഡ് നല്‍കിയാണ് അദാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷത വഹിച്ചു.

റവന്യൂ വകുപ്പിന്റെയും സിവില്‍ സപ്ലൈ വകുപ്പിന്റെയും അക്ഷയയുടെയും വിവിധ കൗണ്ടറുകളിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാക്കിയത്. സുരക്ഷ 2023 മായി ബന്ധപ്പെട്ട കൗണ്ടറും അദാലത്തില്‍ ഒരുക്കിയിരുന്നു. അദാലത്തില്‍ വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സേവനം മാതൃകയായി. വാര്‍ഡ് മെമ്പര്‍ ജോസ് പാറക്കല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.കണ്ണന്‍, മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍ പി.യു സിത്താര, ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍, കെ.എഫ്.ഡി.സി അസി. മാനേജര്‍ പി.പി പ്രശോഭ്, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.എസ് ബെന്നി, പഞ്ചായത്ത് സെക്രട്ടറി എന്‍.എ ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.