വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ച് നൈപുണ്യ വികസന പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍  വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച  ബോര്‍ഡ് അംഗങ്ങളുടെയും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോര്‍ഡുകളിലെ ജീവനക്കാരുടെയും മക്കള്‍ക്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ അഭിരുചിക്ക് അനുസൃതമായി നൈപുണ്യ പരിശീലനം കൂടി ലഭിക്കുമ്പോള്‍ നാടിന്റെ വളര്‍ച്ചയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ വരും തലമുറയ്ക്ക് സാധിക്കും. ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണം.  കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന അംഗീകാരങ്ങള്‍ അവരുടെ ഭാവിയിലേക്കുള്ള വലിയ പ്രോത്സാഹനമാണെന്നും മന്ത്രി പറഞ്ഞു. കുടിശിക ഒഴിവാക്കിയുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍എ നിര്‍വഹിച്ചു.

കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആര്‍ സനല്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയല്‍, കേരള ബാങ്ക് ഡയറക്ടര്‍ ജി ലാലു, പിഎസിഎസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം സി ബിനുകുമാര്‍, സഹകരണ സംഘം ജോയിന്‍ രജിസ്ട്രാര്‍ എം അബ്ദുല്‍ ഹലീം,  അഡീഷണല്‍ രജിസ്ട്രാര്‍ എന്‍ പ്രീത, മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.