മലപ്പുറം ജില്ലയെ സംരംഭക സൗഹൃദമാക്കുന്നതിനുള്ള ഊർജിത നടപടികൾ സ്വീകരിച്ചുവരുന്നതായും നിക്ഷേപകരെ ആകർഷിക്കുന്നതിനായി ജില്ലാ ഭരണകൂടം നേരിട്ട് നടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  പങ്കാളിത്തം ഈ വിഷയത്തിൽ ഉണ്ടാകണമെന്നും ജില്ലാ കളക്ടർ വി.ആർ വിനോദ് പറഞ്ഞു.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർക്കും സെക്രട്ടറിമാർക്കുമായി രണ്ടുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ശിൽപശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മലപ്പുറം റൂബി ലോഞ്ചിൽ നടക്കുന്ന ശിൽപശാലയിൽ സംരംഭകത്വ പ്രോത്സാഹന നിയമങ്ങളും നടപടി ക്രമങ്ങളും, കെ. സ്വിഫ്റ്റ് ഓൺലൈൻ സംവിധാനം, തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളിൽ നടത്താൻ കഴിയുന്ന വ്യവസായ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ക്ലാസുകൾ സംഘടിപ്പിക്കും.ഇന്നലെ നടന്ന പരിപാടിയിൽ 50  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നായി 100 ഓളം പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മുജീബ് റഹ്‌മാൻ സ്വാഗതം പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മുരളി, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി പി. ഉസ്മാൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ കെ. പ്രശാന്ത്, എ. അബ്ദുൽ ലത്തീഫ്, ഉപജില്ല വ്യവസായ ഓഫീസർ എം. ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.