കാലവർഷം കനക്കുന്നതോടെ കടലേറ്റത്തെ ഭയപ്പെട്ട് കഴിഞ്ഞിരുന്ന പൊന്നാനി തീരദേശവാസികൾക്കിനി ആശ്വാസകാലം. കടലാക്രമണത്തെ പ്രതിരോധിക്കുന്നതിനായുള്ള അടിയന്തര കടൽഭിത്തിയുടെ നിർമാണം പൂർത്തിയായി. പൊന്നാനി എം.ഇ.എസ് കോളജിന് പിൻവശത്ത് ഹിളർ പള്ളി ഭാഗത്തെ 218 മീറ്റർ നീളത്തിൽ കരിങ്കൽ ഭിത്തി നിർമാണവും മുല്ല റോഡ് ഭാഗത്ത് 134 മീറ്റർ നീളത്തിലും അജ്മീർ നഗറിൽ 78 മീറ്റർ നീളത്തിലും ജിയോ ബാഗ് സ്ഥാപിക്കുന്ന പണികളും പൂർത്തിയായി.
ഇതോടെ പൊന്നാനിയിൽ ജിയോ ബാഗും കരിങ്കൽ ഭിത്തിയും ഉൾപ്പെടെ 430 മീറ്റർ ഭാഗത്താണ് സംരക്ഷണ കവചമാണ് ഒരുക്കിയിട്ടുള്ളത്. കരിങ്കൽ ഭിത്തി നിർമിക്കാൻ 35 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടും 30 ലക്ഷം രൂപയുടെ ജലസേചനവകുപ്പ് ഫണ്ടും ചേർന്ന് 65 ലക്ഷം രൂപയും ജിയോ ബാഗിനായി 26 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്. കാലവർഷം കനക്കുമ്പോൾ കടൽഭിത്തിയില്ലാത്ത തീരമേഖലയിൽ വൻ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപ്പെടലിനെ തുടർന്ന് നടപടി.
കടൽഭിത്തി നിർമാണം ഉടൻ
തീരദേശത്ത് 10 കോടി രൂപയുടെ കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കും. പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലായി 1084 മീറ്റർ കടൽഭിത്തിയാണ് നിർമിക്കുക. നഗരസഭയിൽ അലിയാർപള്ളിമുതൽ മരക്കടവുവരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പാലപ്പെട്ടിയിൽ 250 മീറ്ററും കടൽഭിത്തി നിർമിക്കുന്നത്. കൂടാതെ പൊന്നാനിയിലെ കടൽ ക്ഷോഭത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ ടെട്രാപോഡ് കടൽഭിത്തി സംവിധാനവും സർക്കാർ പരിഗണയിലാണ്.
ഇതിന്റെ ഭാഗമായി സാധ്യതാ പഠനം നടത്തുന്നതിനായി ചെന്നെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി.സി.ആർ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയാറാക്കി പ്രാഥമിക സാധ്യതാ പഠന റിപ്പോർട്ട് ഈ മാസം അവസാനത്തോടെ സർക്കാറിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും