ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല – കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊണ്ടാഴി – കുത്താമ്പുള്ളി പാലത്തിന്റെ പൈലിംഗ് വര്‍ക്കുകള്‍ തുടങ്ങി. മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.14 കോടി രൂപ (സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ) പാലത്തിനായി വകയിരുത്തിയത്. 182 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണ് പാലത്തിനുണ്ടാവുക.

പ്രധാന പാലത്തിന് 6 വലിയ സ്പാനുകളും സ്പില്‍ ഓവറിന് 12 സ്പാനുകളുമാണ് വരുന്നത്. 18 മാസമാണ് നിര്‍മ്മാണ കാലാവധി. പ്രധാന പാലത്തിനു പുറമെ കുത്താമ്പുള്ളി അനുബന്ധ റോഡില്‍ പാടം വരുന്ന ഭാഗത്ത് പാലം, ഇറിഗേഷന്‍ കനാല്‍ വരുന്ന ഭാഗത്ത് ഒരു മൈനര്‍ ബ്രിഡ്ജ് എന്നിവയും, പാലത്തിന്റെ അപ്രോച്ച് റോഡും നിര്‍മ്മിക്കും. കാസര്‍ക്കോടുള്ള ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്. കെ.ആര്‍.എഫ്.ബി അസി. എക്‌സി. എഞ്ചിനീയര്‍ ഇ.ഐ സജിത്ത്, ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ ജാനിഷ് അബ്ദുള്‍ റഹ്മാന്‍, പ്രോജക്ട് മാനേജര്‍ സെയ്ഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.