ആനന്ദപുരം – നെല്ലായി റോഡിന്റെ നവീകരണം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് വലിയ തരത്തില്‍ പ്രയോജനപ്പെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ആനന്ദപുരം – നെല്ലായി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. കേരളത്തിലെ പശ്ചാത്തല വികസനം വലിയ നിലയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ നിലനില്‍ക്കുന്ന വെള്ളക്കെട്ട് മുതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ നവീകരണത്തിലൂടെ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സമയബന്ധിതമായി പ്രവര്‍ത്തി നടത്തുവാന്‍ കരാറുകാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ആളൂര്‍, പറപ്പൂക്കര, മുരിയാട് എന്നീ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന 9.300 കി.മീ റോഡ് 10 കോടി 76 ലക്ഷം രൂപ ചെലവഴിച്ചാണ് ബിഎം ആന്റ് ബിസി റോഡ് ആക്കി മാറ്റുന്നത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലം ബഡ്ജറ്റ് വര്‍ക്ക് 2022 – 23 ഉള്‍പ്പെടുത്തിയാണ് റോഡ് പുനരുദ്ധാരണം നടത്തുന്നത്.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകള്‍ നവീകരിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുപറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഗതാഗത മേഖലയില്‍ വലിയ കാല്‍വെപ്പാണ് ഈ നവീകരണങ്ങള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറ്റവും വേഗത്തില്‍ റോഡ് നവീകരണം പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ചടങ്ങില്‍ നവ കേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ‘വാക്കും വരയും’ എന്ന പരിപാടിയില്‍ ചിത്രകാരന്‍ മുരിയാട് സ്വദേശി കാര്‍ത്തികേയന്‍ പാട്ടുപാടി മന്ത്രിയുടെയും എംഎല്‍എയുടെയും ചിത്രം വരച്ചു നല്‍കി.

ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കവിത സുനില്‍, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, മുരിയാട് ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.