• മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി
  • ഡിസംബർ ഒന്നിന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും രാവിലെ നവകേരള പ്രതിജ്ഞ ചൊല്ലും

പുതുക്കാട് നവകേരള സദസ്സിനോട് അനുബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിലും കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലും കൊടകര ബ്ലോക്ക് പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. ഡിസംബർ ആറിന് വൈകിട്ട് ആറുമണിക്ക് തലോർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുക.

നവകേരള സദസ്സിൽ സ്വീകരിക്കുന്ന പരാതികളിന്മേൽ കൃത്യതയും വ്യക്തതയുമുള്ള മറുപടികളും പരിഹാരങ്ങളുമാണ് ഓരോ പരാതിക്കാരനും ലഭിക്കാൻ പോകുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഡിസംബർ ഒന്നിന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും രാവിലെ പത്തിനും പത്തരയ്ക്കും ഇടയിലായി നവകേരള പ്രതിജ്ഞ ചൊല്ലും. ബൂത്ത്തല യോഗങ്ങളും വീട്ടുമുറ്റയോഗങ്ങളും ഫലപ്രദമായി നടപ്പിലാക്കണം. പ്രചരണങ്ങൾ ഊർജ്ജിതപ്പെടുത്തണം. ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും അതീവ ഗൗരവത്തോടെയാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ പുതുക്കാട് മണ്ഡലത്തിൽ ബൂത്ത്തല യോഗങ്ങൾ അന്തിമ ഘട്ടത്തിലാണ്. സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും ഊർജിതമായി നടന്നുവരികയാണ്. നവകേരള സദസ്സിന് മുന്നോടിയായി നവംബർ 22 ന് അളഗപ്പനഗർ കമ്മ്യൂണിറ്റി ഹാളിൽ പുതുക്കാട് മണ്ഡലതല വികസന സെമിനാർ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വിഎസ് പ്രിൻസ്, സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ എൻ മനോജ്, ഇ കെ അനൂപ്, അജിത സുധാകരൻ, അശ്വതി വിബി, ടി എസ് ബൈജു, ഡെപ്യൂട്ടി കളക്ടറും (ദുരന്തനിവാരണം) വർക്കിംഗ് കൺവീനറുമായ ഡോ. റെജിൽ, ഡിവൈഎസ്പി ടിഎസ് സിനോജ്, സബ് കമ്മിറ്റി കൺവീനർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.