പ്രളയാനന്തര അതിജീവനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ വകുപ്പുകളും എന്തൊക്കെ പ്രവൃത്തി തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ചെയ്യാമെന്നു കണ്ടെത്തി റിപോര്‍ട്ട് ചെയ്യാനും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, മണ്ണ്-ജലസംരക്ഷണം, കുളം നവീകരണം, ദീര്‍ഘകാല വിളകളുടെ പുനര്‍കൃഷി, ബണ്ട്, കയ്യാല നിര്‍മാണം എന്നി പ്രവൃത്തികള്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. തീറ്റപ്പുല്‍കൃഷി, ആട്ടിന്‍കൂട്, കാലിത്തൊഴുത്ത് എന്നിവയുടെ പ്രവൃത്തിയും ഏറ്റെടുക്കും. പ്രളയത്തെ തുടര്‍ന്ന് 703 കര്‍ഷകരുടെ മല്‍സ്യക്കുളങ്ങള്‍ നശിച്ചതും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. വനത്തിനുള്ളില്‍ കൂപ്പ് പാതയടക്കം 200 കിലോമീറ്ററിലധികം റോഡുകള്‍ക്കും വനത്തിലെ ചെക്ഡാമുകള്‍ക്കും കയ്യാലകള്‍ക്കും നാശം നേരിട്ടുണ്ട്. ഇവയുടെ പുനര്‍നിര്‍മ്മാണത്തിനും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിക്കും. വനമേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ആദിവാസികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ആദിവാസി ഊരുകളില്‍ തകര്‍ന്ന റോഡുകളും വീടുകളും ഇത്തരത്തില്‍ പുനര്‍നിര്‍മിക്കും.
കുടുംബശ്രീ ആറു ഇഷ്ടിക നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. ഇതിനും മൈക്രോ എന്റര്‍പ്രൈസസ് വര്‍ക്ക് ഷെഡ്, ഔഷധ സസ്യകൃഷി, നഴ്‌സറി മേഖലകളും തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കും. 80 കോടിയുടെ മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി പാക്കേജ്, സ്‌കൂള്‍ ഗ്രൗണ്ട് നവീകരണം, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവയിലും തൊഴില്‍ദിനങ്ങള്‍ കണ്ടെത്താനാവുമെന്നാണ് വിലയിരുത്തല്‍. പ്രളയാനന്തരം വയലുകളിലും മറ്റും അടിഞ്ഞുകൂടിയ മണല്‍ ശേഖരിക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. ഇതു ബന്ധപ്പെട്ട പഞ്ചായത്ത് സൂക്ഷിച്ച് പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും പങ്കെടുത്തു.