സപ്ലൈകോ വില്പനശാലകളിൽ നിലവിൽ നൽകുന്ന സബ്സിഡി പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. 2016 മെയ് മുതൽ 13 ആവശ്യസാധനങ്ങൾ വിലവർധനവ് ഇല്ലാതെ നല്കുന്നുണ്ട്. ഈ ഇനങ്ങൾ വിപുലപ്പെടുത്തുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യുന്നതും അളവിലും വിലയിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുവേണ്ടി ഭക്ഷ്യ വകുപ്പ് സെക്രട്ടറി കെ. അജിത് കുമാർ, സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. രവി രാമൻ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. സമിതി 15 ദിവസത്തിനകം ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കും.