കുട്ടനാടടക്കമുള്ള പ്രദേശങ്ങളുടെ കാർഷിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി എം.എസ്. സ്വാമിനാഥന്റെ പേരിൽ അറിയപ്പെടും. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന എം.എസ്. സ്വാമിനാഥൻ അനുസ്മരണ സമ്മേളനത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം.എസ്. സ്വാമിനാഥന്റെ ജന്മനാടുകൂടിയാണ് കുട്ടനാട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ 1940-ലാണ് നെല്ല് ഗവേഷണ കേന്ദ്രം മങ്കൊമ്പിൽ സ്ഥാപിതമാകുന്നത്. 1972-ൽ കാർഷിക സർവകലാശാല രൂപീകൃതമായതോടെ പ്രവർത്തനം സർവകലാശാലയുടെ കീഴിലേക്ക് മാറ്റി.