നായന്മാര്‍മൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച പരാതി കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3450 പരാതികള്‍. രാവിലെ എട്ട് മുതല്‍ തന്നെ പരാതി കൗണ്ടറുകളില്‍ പരാതികളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 22 പരാതി കൗണ്ടറുകളാണ് വേദിക്ക് സമീപമായി സജ്ജീകരിച്ചത്. തദ്ദേശ റോഡ് വികസനം ഉള്‍പ്പെടെയുള്ള പൊതു പരാതികളും ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍, ഭൂമി പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്. പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി അപ്ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും.