സാമൂഹ്യമാധ്യമങ്ങളിലെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്. വനിതാ ശിശുവികസനവകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെയും അഭിമുഘ്യത്തില്‍ നടത്തിയ ബാലാവകാശ വാരാചരണത്തിന്റെ സമാപന സമ്മേളനം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹവും സര്‍ക്കാരും എല്ലാതലതിലും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ താത്പര്യവും ഇടപെടലും പുരോഗമന സമൂഹത്തിനു ആവശ്യഘടകമാണ്. പഠനത്തോടൊപ്പം വിനോദ-കായിക പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം ആരോഗ്യമുള്ള മനസും ശരീരവും പ്രധാനം ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുമായി കലക്ടര്‍ സംവദിച്ചു. ശിശു സംരകഷണ ഓഫീസില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാന ദാനവും നടത്തി. എ അലക്‌സ് (ക്രവെന്‍സ് എല്‍ എം എസ് ), ടാനിഷ് ടോണി (സെയിന്റ് മാര്‍ഗ്രറ്റ് കാഞ്ഞിരക്കോട്), ടി ജി വൈഗ (എന്‍ എസ് എം ഗേള്‍സ് സ്‌കൂള്‍ കൊട്ടിയം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എ കെ ജംല റാണി, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി ബിജി, ഡി സി പി പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ എസ് അജീഷ്, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.