ആന്റിബയോട്ടിക്കിന്റെ പ്രതിരോധത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവ ബോധം സൃഷ്ടിക്കുക, അണുബാധ നിയന്ത്രണത്തില്‍ മികച്ച രീതികള്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് വാരാചാരണത്തിന് തുടക്കമായി.

ആന്റി ബയോട്ടിക്കുകള്‍ കൃത്യതയോടെ ഉപയോഗിച്ചില്ലെങ്കില്‍ അവയെ ചെറുക്കുന്നതിന് ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടി ആന്റിബയോട്ടിക് പ്രതിരോധത്തിന് കാരണമാകും. എ എം ആര്‍ ന്റെ ഫലമായി പകര്‍ച്ചവ്യാധികള്‍ പടരുന്നതിനുള്ള സാധ്യത വര്‍ധിക്കുന്നു, അണുബാധ ചികിത്സിക്കാന്‍ ബുദ്ധിമുട്ടാകുന്നു, രോഗത്രീവ്രത കൂടുന്നു, മരണം സംഭവിക്കുന്നു, നിലവിലുള്ള ചികിത്സകള്‍ ഫലപ്രദമല്ലാതാകുന്നു. ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത അണുബാധകള്‍ പ്രായഭേദമന്യേ ആര്‍ക്കും പിടിപെടാം.

എ എം ആര്‍ – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള ആന്റി ബയോട്ടിക്കുകള്‍ മാത്രം ഉപയോഗിക്കുക.

• ഒരിക്കല്‍ നിര്‍ദേശിച്ച ആന്റിബയോട്ടിക്കുകള്‍ കുറിപ്പടി ഉപയോഗിച്ച് മറ്റൊരവസരത്തില്‍ വീണ്ടും വാങ്ങി ഉപയോഗിക്കരുത്.

• ആന്റിബയോട്ടിക്കുകള്‍ നിങ്ങള്‍ക്ക് ആവശ്യമില്ലെന്നും അണുബാധയ്ക്ക് ഗുണം ചെയ്യില്ലന്നും ഡോക്ടര്‍ പറഞ്ഞാല്‍ ഒരിക്കലും അവ അവശ്യപ്പെടരുത്.

• മുഴുവന്‍ അണുബാധകളെയും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയില്ല. ജലദോഷം, പനി തുടങ്ങിയ അണുബാധകളെ ആന്റിബയോട്ടിക് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയില്ല.

• ഡോക്ടര്‍ നിര്‍ദേശിക്കുന്ന സമയത്തും തോതിലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുക.

• രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദേശിച്ച ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കുക

• ഡോക്ടര്‍ നിര്‍ദേശിച്ച ആന്റിബയോട്ടിക്കുകള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നിര്‍ദേശിക്കുവാനോ പങ്കു വയ്ക്കാനോ പാടില്ല.

• കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകള്‍ നമ്മുടെ പരിസരത്തോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

• കന്നുകാലികളുടെ പരിപാലനത്തിനും മത്സ്യ കൃഷിയിലും അമിതമായ ആന്റി ബയോട്ടിക് ഉപയോഗം നല്ലതല്ല.

ആന്റിബയോട്ടിക്കുകള്‍ കരുതലോടെ ഉപയോഗിക്കുന്നതിലൂടെ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തടയുവാനും അവ ഫലപ്രദമായി ഉപയോഗിക്കുവാനും സാധിക്കും. എ എം ആര്‍ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം രോഗം വരാതെ നോക്കുക എന്നതാണ്. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുകയും രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും രോഗപ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കുകയും ചെയ്യുക.