പഴയകാല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് വ്യതിചലിച്ച് തൊഴില്‍ നൈപുണ്യ വികസനത്തിനുതകുന്ന നവ വിദ്യാഭ്യാസനയ നിര്‍മാണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്‍ ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സ്റ്റുഡന്‍സ് ലീഡര്‍ഷിപ്പ് ക്യാമ്പും കരിയര്‍ മാസ്റ്റേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

പഠനപ്രക്രിയയുടെ അന്തിമ ലക്ഷ്യം തൊഴില്‍ നേടുക എന്നതായിരിക്കണം. ജോലി ചെയ്തുകൊണ്ട് പഠിക്കുകയെന്ന ആശയമാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്ക് ദിശാബോധം നല്‍കാനുതകുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക വഴി ഇത് സാധ്യമാകും . സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴിലായിരിക്കണം കുട്ടികള്‍ തെരെഞ്ഞെടുക്കേണ്ടതെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലയിലെ  സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. കരിയര്‍ മാസ്റ്റര്‍ ചുമതലയുള്ള അധ്യാപകര്‍ക്ക് കരിയര്‍ ആപ്റ്റിറ്റിയൂഡ് പരിശീലന പരിപാടിയും നടന്നു. വി എച്ച് എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഒ എസ് ചിത്ര അധ്യക്ഷയായി. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മാത്യു എബ്രഹാം, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി എസ് സന്തോഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജി ആര്‍ അഭിലാഷ്, അധ്യാപകര്‍, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.