പ്രളയബാധയെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്‌സ് നടപ്പാക്കുന്ന സ്‌നേഹസ്പര്‍ശം പദ്ധതിക്കു വയനാട്ടില്‍ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് 100 ചാക്ക് കാലിത്തീറ്റയും 700 കിലോ മിനറല്‍ മിശ്രിതവും പദ്ധതിയിലൂടെ സൗജന്യമായി നല്‍കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം കേരള ഫീഡ്‌സ് എം.ഡി ഡോ. ബി. ശ്രീകുമാര്‍ കല്‍പ്പറ്റ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ അഞ്ചു പേര്‍ക്ക് കേരമിന്‍ നല്‍കിക്കൊണ്ടു നിര്‍വഹിച്ചു. കാലിത്തീറ്റയും ധാതുമിശ്രിതവും കേരള ഫീഡ്‌സ് തന്നെ നേരിട്ടെത്തിക്കും. ക്ഷീരവികസന വകുപ്പാണ് അര്‍ഹരായ ക്ഷീരകര്‍ഷകരെ കണ്ടെത്തിയത്. പ്രളയത്തില്‍ പശുവിനെ നഷ്ടപ്പെട്ട തരിയോട് കുമ്മായമൂല ചന്തുവിന് പശുവിനെ വാങ്ങാനുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. തിരുവനന്തപുരം സ്വദേശി ബോണി തോമസ്, പാലക്കാട് സ്വദേശിയായ സത്യരാജ് എന്നിവരാണ് പശുവിനെ വാങ്ങാനുള്ള തുക നല്‍കിയത്. രൂക്ഷമായ പ്രളയബാധയുണ്ടായ ഏഴു ജില്ലകളിലാണ് കേരള ഫീഡ്‌സ് സ്‌നേഹസ്പര്‍ശം പരിപാടി നടപ്പാക്കുന്നതെന്ന് ഡോ. ബി. ശ്രീകുമാര്‍ പറഞ്ഞു. ആദ്യഘട്ടമായി കാലിത്തീറ്റ ചാക്കൊന്നിന് 100 രൂപ കുറച്ച് നല്‍കി. രണ്ടാം ഘട്ടമായി ക്ഷീരവികസന വകുപ്പ് തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് 100 ചാക്ക് കാലിത്തീറ്റയും 700 കിലോ കേരമിന്‍ ധാതുലവണ മിശ്രിതവും വിതരണം ചെയ്യും. ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങുന്നതിന് 22 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അര്‍ഹരായ കര്‍ഷകര്‍ക്കെല്ലാം പശുവിനെ വാങ്ങുന്നതിന് പൂര്‍ണമായ ചെലവ് ഇതിലൂടെ ലഭിക്കില്ല. സ്‌നേഹസ്പര്‍ശത്തിന്റെ മൂന്നാം ഘട്ടമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് കുറഞ്ഞ പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കാനും കേരള ഫീഡ്‌സ് പദ്ധതിയിടുന്നുണ്ട്. സര്‍ക്കാര്‍ സഹായം ലഭിക്കാതെ പോയ കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ സഹായം ലഭിക്കാന്‍ കേരള ഫീഡ്‌സ് സാഹചര്യമൊരുക്കുമെന്ന് ഡോ. ശ്രീകുമാര്‍ പറഞ്ഞു.
സബ്‌സിഡി ലഭിക്കുന്നതിന് കേരള ഫീഡ്‌സ് അടക്കമുള്ള പൊതുമേഖലാസ്ഥാപങ്ങളില്‍ നിന്നും കാലിത്തീറ്റ വാങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും ഡോ. ബി. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. നഷ്ടം സഹിച്ചും കര്‍ഷകര്‍ക്ക് സഹായം നല്‍കാനാണ് കേരള ഫീഡ്‌സ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് പ്രോത്സാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് കേരള ഫീഡ്‌സ് പ്രഖ്യാപിച്ച സഹായ പദ്ധതികള്‍ ഏറെ ഗുണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി നസീമ പറഞ്ഞു. വയനാടിന്റെ പ്രധാന വരുമാനസ്രോതസാണ് ക്ഷീരമേഖലയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്താകമാനം 5000 കന്നുകാലികള്‍ പ്രളയത്തില്‍ ചത്തെന്നു ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ് പറഞ്ഞു. പാലുല്പാദനം 22,000 ലിറ്റര്‍ കുറവുണ്ടായി. സാമ്പത്തിക സഹായമുണ്ടെങ്കില്‍ വളരെ പെട്ടന്ന് തിരിച്ചു പിടിക്കാവുന്ന ഉത്പാദനമേഖലയാണിത്. കേരള ഫീഡ്‌സ് മുന്നോട്ടു വച്ചിരിക്കുന്ന സഹായപദ്ധതികള്‍ ഇതിന് ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധയെത്തുടര്‍ന്നുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്ഷീരവികസന വകുപ്പാണ് ക്ഷീരസഹകരണ സംഘങ്ങളുടെ യോഗം വിളിച്ചത്. ഇതില്‍ കാലിത്തീറ്റ വിതരണവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ സംശയങ്ങള്‍ക്ക് ഡോ. ബി. ശ്രീകുമാര്‍ മറുപടി നല്‍കി. മൃഗസംരക്ഷ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. മീര മോഹന്‍ദാസ്, കല്‍പ്പറ്റ ക്ഷീരവികസന ഓഫീസര്‍ വി.എസ്. ഹര്‍ഷ, കേരള ഫീഡ്‌സ് എ.ജി.എം ഉഷ പത്മനാഭന്‍, കേരള ഫീഡ്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.