• പ്രത്യേക ക്ഷണിതാക്കളുമായി പ്രഭാതയോഗം   
  • മൂന്നിടങ്ങളില്‍ മൂന്ന് വേദികള്‍
  • നവകരേളത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും
  •  പരാതി സ്വീകരിക്കാന്‍ എല്ലായിടങ്ങളിലും പ്രത്യേക കൗണ്ടറുകള്‍
  • പഴുതടച്ച സുരക്ഷാ സൗകര്യങ്ങള്‍

മുഖ്യമന്ത്രിയും മന്ത്രിമാരെയും പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ (്യാഴം) ജില്ലയില്‍ നടക്കും. രാവിലെ 9 ന് കല്‍പ്പറ്റ ചന്ദ്രിഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം നടക്കും. ജില്ലയില്‍ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികള്‍ പ്രഭാതയോഗത്തില്‍ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങള്‍ പ്രഭാത യോഗത്തില്‍ ചര്‍ച്ച ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രഭാതയോഗത്തിലേക്കുള്ള പ്രവേശനം അനുവദിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. ഇവിടെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല. വിവിധ മേഖലകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിന്റെ ഭാഗമായ പ്രഭാതയോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളില്‍ നിന്നും സ്വരൂപിക്കുകയും ഇവയെല്ലാം ക്രോഡീകരിച്ച് വയനാടിനായി പുതിയ വികസന നയം രൂപീകരിക്കും.

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ വ്യാഴം രാവിലെ 11

കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് വ്യാഴാഴ്ച രാവിലെ 11 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കും. അയ്യായിരത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന പന്തലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ നടക്കുന്ന പ്രഭാത യോഗത്തിന് ശേഷം പതിനൊന്നോടെയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രമാരും നവകേരള സദസ്സിന്റെ വേദിയിലെത്തുക. തുടര്‍ന്ന് ഇവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. രാവിലെ 8 മുതല്‍ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ പ്രവര്‍ത്തിക്കും.

പത്തോളം കൗണ്ടറുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിന് മുന്നോടിയായി കലാപരിപാടികളും ഇവിടെ അരങ്ങേറും. മുട്ടില്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വട്ടക്കളി, തുടി, കൊമ്പ്, കുഴല്‍ വാദ്യമേളങ്ങള്‍, കൈകൊട്ടിക്കളി എന്നിവയും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘനൃത്തം, മുണ്ടേരി ഉണര്‍വ്വിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ടും , കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ ശിങ്കാരി മേളവും അരങ്ങേറും.