വയനാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളുടെ സംഗമവേദിയായി നവകേരളം പ്രഭാതയോഗം മാറി. ക്ഷണിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് പുതിയകേരളത്തിന്റെ വികസന നയ രൂപീകരണത്തില്‍ വേറിട്ടതും പുതുമയുള്ളതുമായ ആശയ രൂപീകരണത്തിനുള്ള വേദിയായി മാറുകയായിരുന്നു പ്രഭാതയോഗം. നവകേരള സദസ്സിന്റെ വയനാട് ജില്ലയുടെ തുടക്കമായി ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു പ്രഭാതയോഗം നടന്നത്.

രാവിലെ എട്ടരയോടെ ക്ഷണിക്കപ്പെട്ട അതിഥികള്‍ വേദിയിലേക്ക് എത്തിതുടങ്ങി. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാതയോഗത്തിനായി എത്തി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജും ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗോത്രതാളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചു. വയനാടിന്റെ കാര്‍ഷികരംഗം, ടൂറിസം, കായിരംഗം, ആരോഗ്യമേഖല, വിദ്യാഭ്യാസരംഗം തുടങ്ങി ഇതരമേഖലകളിലെ പുതിയ വികസനവഴികളിലേക്കും വേറിട്ട ആശയങ്ങള്‍ ക്ഷണിതാക്കള്‍ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും നവകേരളസദസ്സ് പ്രഭാതയോഗത്തില്‍ പങ്കുവെച്ചു.

ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം പേരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. വിവിധ മേഖലയില്‍ നിന്നും പുരസ്‌കാര ജേതാക്കള്‍, കലാകാരന്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍, വെറ്ററന്‍സ് പ്രതിനിധികള്‍, കര്‍ഷക തൊഴിലാളികളുടെ പ്രതിനിധികള്‍, സഹകരണ സ്ഥാപന തൊഴിലാളികളുടെ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍, സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള പ്രഭാതയോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തത്. ഇവര്‍ക്കായി പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.