ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആർ.ആർ.ടി., ഐ.ഡി.എസ്.പി. യോഗങ്ങൾ ചേർന്ന് നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. പനി മരണങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കണം.
എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. തൊലിപ്പുറത്തെ മുറിവിലൂടെയല്ലാതെയും എലിപ്പനി ബാധിക്കാൻ സാധ്യതയുള്ളതിനാൽ മഴവെള്ളത്തിലൂടെ നടക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മഴവെള്ളത്തിൽ കൂടി നടക്കേണ്ടി വരുന്നവർ കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. കണ്ണിൽ ചുവപ്പ് കാൽവണ്ണയിൽ വേദന എന്നിവ കണ്ടാൽ ഉടനടി ചികിത്സ തേടണം.
നേരിയ പനിയോടൊപ്പം വയറുവേദന, ഛർദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡെങ്കിപ്പനി സാധ്യതയുണ്ടെന്നും ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. പനിയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.
കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.