നവകേരളസദസുമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലത്തിലെ ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന നവകേരളസദസ് മണ്ഡലതല സംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡലത്തിലെ  വാര്‍ഡുതല യോഗങ്ങള്‍ 27 നും വീട്ടുമുറ്റയോഗങ്ങള്‍ 30 നകവും പൂര്‍ത്തീകരിക്കുമെന്ന് അദേഹം പറഞ്ഞു.

ഡിസംബര്‍ 10 മുതല്‍ 17 വരെ മണ്ഡലത്തിലെയും എല്ലാ പഞ്ചായത്തുകളിലെയും  വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള എല്‍ഇഡി വാളുകളും ഡിസംബര്‍ 15, 16, 17 തീയതികളില്‍ വാഹനങ്ങള്‍ അലങ്കരിച്ചു കൊണ്ടുള്ള നവ കേരളസദസിന്റെ അനൗണ്‍സ്‌മെന്റുകളും നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഡിസംബര്‍ 13, 14 തീയതികളില്‍ എല്ലാ പഞ്ചായത്തുകളിലും, കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15ന്  വൈകിട്ട് മൂന്നു മണിക്ക് അടൂര്‍ ടൗണ്‍ മുതല്‍ ഗാന്ധി പ്രതിമ റോഡ് വരെ വിളംബര ജാഥ നടത്തും.
പരാതികള്‍ സ്വീകരിക്കുന്നതിനായി  പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. നവകേരളസദസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകള്‍ കൃത്യമായി നടപ്പാക്കണമെന്നും  അദേഹം പറഞ്ഞു.

യോഗത്തില്‍ അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ് രാജേന്ദ്രപ്രസാദ്, സുശീല കുഞ്ഞമ്മ കുറുപ്പ്, സന്തോഷ് ചാത്തന്നുപ്പുഴ, അടൂര്‍ ആര്‍ ഡി ഒ എ തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പു ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.