വിദ്യാർത്ഥികൾ പഠനത്തിനായി സംസ്ഥാനം വിട്ടു പുറത്തുപോകുന്നതിൽ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചതിന്റെ ആദ്യദിനമായ വെള്ളിയാഴ്ച വടകരയിൽ നടന്ന പ്രഭാതയോഗത്തിൽ അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും മറുപടി പറയുകയായി രുന്നു അദ്ദേഹം.

നാം വളർന്നുവന്ന സാഹചര്യം അല്ല പുതിയ തലമുറയുടേത്. ലോകം അവരുടെ കൈകുമ്പിളിലാണ്‌. അതുകൊണ്ട് തന്നെ വിദേശത്ത് പോയി പഠിക്കാൻ അവർക്ക് താല്പര്യം കാണും. അവരുടെ അഭിപ്രായങ്ങൾക്കൊപ്പം രക്ഷിതാക്കൾ നിൽക്കുകയാണ് വേണ്ടത്. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നാം നോക്കേണ്ടത്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോളേജുകളിലും യൂണിവേഴ്സിറ്റികളിലും സൗകര്യം വർധിപ്പിക്കുക. ക്യാമ്പസ്‌ എല്ലാ സമയത്തും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ സാധിക്കുക. അങ്ങിനെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവ് പുറത്തറിഞ്ഞാൽ വിദ്യാർത്ഥികൾ ഇങ്ങോട്ട് തന്നെ വരും. ആ രീതിയിലുള്ള മാറ്റങ്ങൾ ആണ്‌ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്നത്. അതിന്റെ ഫലം കണ്ടുതുടങ്ങിയതിന്റെ തെളിവാണ് കേരള യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ച എ + + ഉന്നത ഗ്രേഡ്. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പാഠ്യപദ്ധതി പരിഷ്ക്കരണം ഒരു നയമായി അംഗീകരിച്ചതാണ് സർക്കാർ.

കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പൂഴി ത്തോട്-പടിഞ്ഞാറത്തറ റോഡിനു വർഷങ്ങൾക്കു മുൻപ് തറക്കല്ലിട്ടത് അംഗീകാരമൊന്നും ലഭിക്കാതെയാണ്. ഇരു ജില്ലകളെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട്പോവുകയാണ്. ഒരു ഗ്രാമപഞ്ചായത്തിൽ ഒരു കളിക്കളം എന്ന നേരത്തെയുള്ള പ്രഖ്യാപനവും കവിഞ്ഞ് ഓരോ വാർഡിലും ഒരു കളിക്കളം എന്ന നിലയിലേക്ക് സർക്കാർ മുന്നോട്ടുപോവുകയാണ്.

കാർഷിക മേഖലയിൽ ഉൽപ്പന്നങ്ങളുടെ മൂല്യവർധന നടപ്പിലാക്കാൻ സാധിക്കണം. ആ രീതിയിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ മുന്നേറുന്നത്. അത് ഇനിയും വർധിപ്പിക്കാൻ കഴിയണം. പേരാമ്പ്ര സി.കെ.ജി കോളേജ് വികസനത്തിനായി രണ്ട് ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയായി. വയോജനങ്ങളുടെ കാര്യത്തിൽ മികച്ച പരിഗണനയാണ് സർക്കാർ നൽകിവരുന്നത്, മുഖ്യമന്ത്രി വ്യക്തമാക്കി.

പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാകാത്തത്, വിദ്യാർഥികൾ പഠനത്തിനായി അന്യനാടുകളിലേക്ക് പോകുന്നത്, കാർഷിക മേഖലയായ കുറ്റ്യാടിയിൽ ഭൂമി തരിശിടുന്ന പ്രശ്നം, ഗ്രാമങ്ങളിൽ വേണ്ടത്ര കളിക്കളം ഇല്ലാത്ത വിഷയം, സി. ബി.എസ്.സി വിദ്യാർത്ഥികളുടെ കായിക മികവിനുള്ള സർട്ടിഫിക്കറ്റ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിക്കാത്തത്, കാർഷിക ഉത്പന്നങ്ങൾ ശീതികരിച്ചു സൂക്ഷിക്കാനുള്ള സംവിധാനം വേണ്ടത്, സഹകരണ മേഖലയിൽ യൂണിവേഴ്സിറ്റി തുടങ്ങേണ്ടതിന്റെ ആവശ്യകത, സാധാരണ കലാകാരൻമാരെ സർക്കാർ പരിപാടികളിൽ കൂടുതൽ പങ്കെടുപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ നിർദേശങ്ങളും അഭിപ്രായങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്.

മുഖ്യമന്ത്രിയ്ക്കൊപ്പം കളരി ഗുരുക്കൾ മീനാക്ഷി, രമേശൻ പാലേരി (യു.എൽ. സി.സി.എസ്), പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ വേദി പങ്കിട്ടു.  ഗായകൻ വി.ടി മുരളി, പാപ്പൂട്ടി മാസ്റ്റർ, ലിസി മുരളീധരൻ, എ.കെ പദ്മനാഭൻ മാസ്റ്റർ, ഡോ. വി.കെ ജമാൽ, അലങ്കാർ ഭാസ്കരൻ, എ.കെ ചന്ദ്രൻ മാസ്റ്റർ, ഡോ. സച്ചിൻ കുറ്റ്യാടി, ബബീഷ് പി.പി, ഫ്രാൻസിസ് കൈതകുളത്ത് എന്നിവർ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സംസാരിച്ചു.