മലയാളികളുടെ ചിരകാല സ്വപ്നമായ ദേശീയപാത 2025ഓടു കൂടി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകര മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ പാത -66 അഴീയൂർ –
വെങ്ങളം സ്ട്രെച്ചിലെ പ്രവൃത്തിയാണ് വടകര മണ്ഡലത്തിലൂടെ കടന്നു പോകുന്നത്. ഭൂമി ഏറ്റെടുക്കലിൻറെ 25 ശതമാനം കേരളമാണ് നൽകുന്നത്. കോഴിക്കോട് ജില്ലയിൽ ആകെ109.50 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിന് ചെലവ് വരുന്ന 1660.37 കോടി രൂപ യിൽ 400 കോടിയിലധികം രൂപ നൽകിയത് സർക്കാരാണ്.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി പണം നൽകുന്നത്. വടകരയിൽ മാത്രം തീരദേശ പാത വികസനത്തിനായി 281 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതാ വികസനത്തിൽ വിവിധ വകുപ്പുകളെ കൃത്യമായി എകോപിപ്പിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. വടകര – മാഹി ബൈപ്പാസ് പ്രവൃത്തി പൂർത്തിയാവുന്നതോടെ വടകര മുതൽ തലശ്ശേരി വരെ എത്താൻ 15 മിനുറ്റിൽ എത്താൻ സാധിക്കും. 27 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് വടകര മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം നടത്തിയത്. 43.31 കോടിയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും നടന്നു.
മലയോര ഹൈവേ നിർമ്മാണം പൂർത്തിയാവുന്നതോടെ കാർഷിക – വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവുണ്ടാകും. വടകരയുടെ ചരിത്ര പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വിനോദസഞ്ചാര മേഖലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരും. വടകര സാന്റ് ബാങ്ക്സ് ടൂറിസം വികസനത്തിന് 2.26 കോടിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു.