നോളെജ് ഇക്കോണമി മിഷൻ സ്റ്റെപ് അപ് ക്യാമ്പയിന്റെ ഭാഗമായുള്ള  വോളന്റിയർമാരുടെ ഭവനസന്ദർശനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാജ്യസഭാ എം പി . എ എ റഹീം  നാളെ രാവിലെ ഒമ്പതിന് എറണാകുളത്ത് നിർവഹിക്കും. വാഴക്കുളം ബ്ലോക്ക് കീഴ്മാട് ഗ്രാമപഞ്ചായത്തിൽ നടക്കുന്ന പരിപാടിയിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് അധ്യക്ഷനാകും. തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം  വഞ്ചിയൂരിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല നിർവഹിക്കും.

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ കണ്ടെത്തി  നോളെജ്  മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യിച്ച് തൊഴിൽ സജ്ജരാക്കി വിജ്ഞാന തൊഴിലവസരം ഒരുക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. വോളന്റിയർമാരാണ് വീടുകളിലെത്തി വിജ്ഞാന തൊഴിലന്വേഷകരെ രജിസ്റ്റർ ചെയ്യിക്കുക. അതുവഴി ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വലിയൊരു വിഭാഗം തൊഴിലന്വേഷകരിലേക്ക് കൂടി മിഷന്റെ പ്രവർത്തനങ്ങളും സേവനങ്ങളും എത്തിക്കും.  തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലാണ് വീടുകളിലേക്ക് വോളൻറിയർ സന്ദർശനം നടത്തുന്നത്.

പരിശീലനം ലഭിച്ച അറുപതിനായിരത്തോളം വോളന്റിയർമാരാണ് വരുന്ന അഞ്ചു ദിവസങ്ങളിൽ കേരളത്തിലെ 10 ലക്ഷത്തോളം അഭ്യസ്തവിദ്യരെ നേരിൽ കണ്ട് രജിസ്‌ട്രേഷന് സഹായിക്കുക. യുവജനക്ഷേമബോർഡ് കമ്മ്യൂണിറ്റി ലെവൽ കോ-ഓർഡിനേറ്റർമാരും നോളെജ് മിഷന്റെ കമ്മ്യൂണിറ്റി അംബാസിഡർമാരും പ്രാദേശിക ക്ലബ്ബുകളിലെയും സംഘടനകളിലെയും അംഗങ്ങളുമാണ് വോളന്റിയർമാരായി പ്രവർത്തിക്കുന്നത്.

നവംബർ ഒന്നിനാരംഭിച്ച കാമ്പയിൻ ഈ മാസം 30 ന് അവസാനിക്കും.  സ്റ്റെപ്പ് അപ് എന്നു പേരിട്ടിരിക്കുന്ന രജിസ്‌ട്രേഷൻ കാമ്പയിൻ നോളെജ് ഇക്കോണമി മിഷൻ യുവജനക്ഷേമബോർഡും കുടുംബശ്രീയുമായി സഹകരിച്ചാണ് നടത്തുന്നത്.

തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും പരസ്പരം ഒന്നിപ്പിക്കുന്ന  ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്യേണ്ടത്.

 DWMS ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ മൊബൈൽ പതിപ്പായ DWMS കണക്റ്റ് ആപ്ലിക്കേഷൻ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാനും സേവനങ്ങൾ ഉപയോഗപ്പെടുത്താനുമാവും.