സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കൾക്ക് ആധാർ എൻറോൾമെന്റിന് സൗകര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സംവിധാനം കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അക്ഷയയുടെ വാർഷികാഘോഷവും നവജാത ശിശുക്കളുടെ ആധാർ എൻറോൾമെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി വിഭാഗത്തിൽ പെട്ട സംരംഭകർക്ക് ആധാർ മെഷീൻ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിന്റെ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അക്ഷയ കേന്ദ്രങ്ങൾ ജനസൗഹൃദമാക്കാനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അക്ഷയ വഴിയുള്ള സേവനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. സംസ്ഥാനത്ത് കൂടുതൽ അക്ഷയ കേന്ദ്രങ്ങളെ ബാങ്കിംഗ് കിയോസ്‌കുകളാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളെയും വിവരസാങ്കേതികാതിഷ്ഠിത ക്രയവിക്രയം പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള പദ്ധതി ഡിസംബറിൽ ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങൾ, കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
ചില അക്ഷയ കേന്ദ്രങ്ങൾക്കെതിരായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയ്‌ക്കെതിരെ കർശന നടപടിയുണ്ടാവും. അക്ഷയ കേന്ദ്രങ്ങളിൽ സാങ്കേതികത്വം പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയുണ്ടാവരുത്. സേവനങ്ങൾ സുതാര്യമായും കാര്യക്ഷമമായും വീട്ടുപടിക്കൽ എത്തിക്കാൻ അക്ഷയയ്ക്കാവണം. കാലം മാറുന്നതിനനുസരിച്ച് അക്ഷയ കേന്ദ്രങ്ങൾ നവീകരിക്കപ്പെടണം. കമ്പ്യൂട്ടർ സാക്ഷരതയിലും ഇ ഗവേണൻസിലും കേരളത്തെ മുന്നിലെത്തിക്കാൻ അക്ഷയ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. എല്ലാ മലയാളികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച സംരംഭകർക്ക് അവാർഡുകൾ വിതരണം ചെയ്തു.
കേരള പി. എസ്. സി ചെയർമാൻ അഡ്വ. എ. കെ. സക്കീർ അദ്ധ്യക്ഷത വഹിച്ചു. അക്ഷയ ഡയറക്ടർ ശ്രീറാം സാംബശിവറാവു, കൗൺസലർ ഐ. പി. ബിനു, ബി. എസ്. എൻ. എൽ ചീഫ് ജനറൽ മാനേജർ ഡോ. പി. ടി. മാത്യു, എസ്. ബി. ഐ ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ, ഐ. ടി. മിഷൻ കോഓർഡിനേറ്റർ കെ. സന്തോഷ്‌കുമാർ എന്നിവർ സംബന്ധിച്ചു.