* ഇ.എം.എസിന്റെ തെരഞ്ഞടുത്ത പ്രബന്ധങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ആശയത്തെ നിരോധനങ്ങൾകൊണ്ട് നേരിടുന്നവർക്ക് കാലികമായ മറുപടിയാണ് ഇ.എംഎസിന്റെ ലേഖനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരോധനങ്ങളിലൂടെ ആശയങ്ങളെയും ആവിഷ്‌കാരങ്ങളെയും ഇല്ലാതാക്കാമെന്നു വ്യാമോഹിക്കുകയാണ് ഇപ്പോൾ ഫാസിസ്റ്റ് ശക്തികൾ. ഭാഷയെയും സാഹിത്യത്തെയും കലയെയും മാർക്‌സിസ്റ്റ് ദർശനത്തിൽ വിലയിരുത്തിക്കൊണ്ട് ഇ.എം.എസ് നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ എഴുത്തുകാർക്കും കലാകാരന്മാർക്കും ഗവേഷകർക്കും ഒരേപോലെ ദിശാബോധം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സാഹിതിയ അക്കാദമി പ്രസിദ്ധീകരിച്ച ഇ.എം.എസിന്റെ തെരഞ്ഞടുത്ത പ്രബന്ധങ്ങൾ എന്ന കൃതി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ നിരൂപണത്തെ സംസ്‌കാര നിരൂപണമാക്കി ഇ.എംഎസ് മാറ്റിയതിലൂടെ തനതായ ഒരു മാർക്‌സിയൻ സൗന്ദര്യശാസ്ത്ര സമീപനം രൂപപ്പെടുത്താൻ ഇ.എംഎസിനു കഴിഞ്ഞു. അതിനെ കൂടുതൽ വ്യാപകവും വികസിതവുമാക്കുകയാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ കർത്തവ്യമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പാവപ്പെട്ടവരെ വർഗബോധത്തിന്റെയും നട്ടെല്ലിന്റെയും ഉടമയാക്കിയ ചിന്താധാരയാണ് ഇ.എംഎസ് കേരളത്തിനു സമ്മാനിച്ചതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ. പി മോഹനൻ സ്വാഗതം പറഞ്ഞു. ഇ.എം.എസിന്റെ മകളും വനിതാ കമ്മീഷൻ അംഗവുമായ ഇ.എം. രാധ മുഖ്യമന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. ബി. രാജീവൻ, ഡോ. ബി. ഇക്ബാൽ, കേരള സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം പ്രൊഫ. വി.എൻ മുരളി തുടങ്ങിയവർ സംസാരിച്ചു.