* നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എട്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്തു

സർക്കാർ ആശുപത്രികളെ ശാക്തീകരിച്ചാലേ സ്വകാര്യമേഖലയിലെ ചൂഷണം തടയാനാകൂവെന്ന് തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിനുള്ള എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യരുടെ ആഗ്രഹത്തെയാണ് സ്വകാര്യ ആശുപത്രികൾ ചൂഷണം ചെയ്യുന്നത്. ഓരോ സേവനത്തിനും എത്ര തുകയാണ് ഈടാക്കുന്നതെന്നുപോലും ജനങ്ങൾക്ക് അറിയാനാവാത്ത സ്ഥിതിയാണ്.
സർക്കാർ ആശുപത്രികളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി നിലവാരമുയർത്താനാണ് സർക്കാർ ‘ആർദ്രം’ പദ്ധതി നടപ്പാക്കിവരുന്നത്. ഈ സർക്കാർ വന്നശേഷം ഏറ്റവുമധികം തസ്തിക സൃഷ്ടിച്ചത് ആരോഗ്യമേഖലയിലാണ്. ഡോക്ടർമാരുടേയും പാരാ മെഡിക്കൽ ജീവനക്കാരുടേയുമുൾപ്പെടെയുള്ള കുറവ് ഒരു പരിധിവരെ പരിഹരിക്കാനായിട്ടുണ്ട്. ഇതിനൊപ്പം തദ്ദേശസ്ഥാപനങ്ങളും പദ്ധതിവിഹിതത്തിൽനിന്നുള്ള തുക വിനിയോഗിച്ച് അവരുടെ ചുമതലയിലുള്ള ആശുപത്രികളിൽ ഡോക്ടർമാരെയുൾപ്പെടെ നിയമിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളെ ഇനിയും മുന്നോട്ടുകൊണ്ടുവരാനാകണം. ആശുപത്രികളുടെ നവീകരണത്തിനും സൗകര്യങ്ങളൊരുക്കാനുമുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങൾ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച ഓപ്പറേഷൻ തീയറ്റർ, നേത്ര വിഭാഗം ഓപ്പറേഷൻ തീയറ്റർ, ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ്, ആർ.ജി.സി.ബി ലാബ്, പവർ ലോൺട്രി എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. 11 യൂണിറ്റുകൾ അടങ്ങിയ ഡയാലിസിസ് സെൻററിന്റെ ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. എച്ച്.എൽ.എൽ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ഷൈലജാ ബീഗവും ജൻ ഔഷധി മെഡിക്കൽ സ്‌റ്റോറിന്റെ ഉദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവനും നിർവഹിച്ചു.
രണ്ടുവർഷത്തിനിടെ എട്ടുകോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നെടുമങ്ങാട് ആശുപത്രിയിൽ നടപ്പാക്കിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. ആശുപത്രിയിൽ മൂന്നുകോടി രൂപ ചെലവിൽ പുതിയ മന്ദിരത്തിന്റെ നിർമാണത്തിന് നടപടികൾ കൈക്കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. എസ്.കെ. പ്രീജ, നെടുമങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ബിജു മോഹൻ, ആനാട് ജയൻ, അഡ്വ. എസ്.എം. റാസി, ശോഭകുമാർ, ഉഷാകുമാരി, വാർഡ് കൗൺസിലർ ടി. അർജുനൻ, ജില്ലാ ംെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്‌നകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ. വി.എസ്. രാജീവ് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത് സ്വാഗതവും സെക്രട്ടറി വി. സുഭാഷ് നന്ദിയും പറഞ്ഞു.