തലചായ്ക്കാന്‍ വീടെന്ന അനില്‍ കുമാറിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി വേലൂര്‍ ഗ്രാമപഞ്ചായത്ത്. വേലൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ തണ്ടിലത്ത് പറങ്ങനാട്ട് വീട്ടില്‍ അനിലിനാണ് സര്‍ക്കാരിന്റെ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് വീട് നിര്‍മ്മിച്ച് നല്‍കിയത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്വപ്ന ഭവനം അനില്‍കുമാറിന് പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സന്തോഷത്തിലാണ് കുടുംബം.

നാല് വര്‍ഷം മുമ്പ് സംഭവിച്ച വാഹനാപകടം അനിലിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അപകടത്തെത്തുടര്‍ന്ന് അനിലിന്റെ ശരീരം അരയ്ക്ക് താഴെ തളര്‍ന്നു. പരസഹായം കൂടാതെ എഴുന്നേറ്റിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. ആകെയുണ്ടായിരുന്ന രണ്ട് മക്കളും മാരക അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. അനിലിനെ ശുശ്രൂഷിക്കുന്നതിനാല്‍ ഭാര്യ ബിന്ദുവിന് പുറമേക്കു ജോലിക്കു പോകുവാനും കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്തിന്റെ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബമാണിത്. പഞ്ചായത്ത് സ്‌പോണ്‍സര്‍ഷിപ്പ് വഴി പ്രതിമാസം ഭക്ഷ്യ കിറ്റും ചികിത്സാ സഹായവും നല്‍കുന്നുണ്ട്. സ്വന്തമായി വീടില്ലാതിരുന്ന അനിലിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പഞ്ചായത്തും മുന്നോട്ടിറങ്ങി.

പിറന്നാള്‍ ദിനത്തില്‍ ലഭിച്ച 420 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലുള്ള മനോഹര ഭവനം അനിലിനും ബിന്ദുവിനും സ്വന്തം. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഷോബി താക്കോല്‍ദാനം നിര്‍വഹിച്ചു. വേലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മല ജോണ്‍സന്‍, വേലൂര്‍ ഗ്രാമപഞ്ചായത് മെമ്പര്‍മാരായ ഷേര്‍ളി ദിലീപ്കുമാര്‍, സി.എഫ് ജോയ്, ബിന്ദു ശര്‍മ്മ, പി.വി. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് അസി. സെക്രട്ടറി പി.കെ. സിദ്ധാര്‍ത്ഥന്‍, വി.ഇ.ഒ സി. ദീപ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.