ചേലക്കര നിയോജക മണ്ഡലം നവ കേരള സദസ്സിന്റ ഭാഗമായി ‘നവ കേരളവും ക്ഷീരമേഖലയും’ എന്ന വിഷയത്തില്‍ ക്ഷീര മേഖലയിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിനും വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതിനുമായി സെമിനാര്‍ സംഘടിപ്പിച്ചു. പാഞ്ഞാള്‍ ഗ്രാമീണ വായനശാലയില്‍ നടത്തിയ ഏകദിന സെമിനാര്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്കായി സര്‍ക്കാരും മില്‍മയും മറ്റു അനുബന്ധ സ്ഥാപനങ്ങളും നൂതനമായ പദ്ധതികളിലൂടെ ഈ കാലഘട്ടത്തില്‍ മികച്ച ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും നവകേരള സൃഷ്ടിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എല്‍ സൈമണ്‍ ‘നവ കേരളവും ക്ഷീര മേഖലയും’ എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ക്ലാസ്സെടുത്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.കെ. മുരളീധരന്‍, പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.

പരിപാടിയോടനുബന്ധിച്ച് ചേലക്കര നിയോജക മണ്ഡലത്തിലെ 28 ക്ഷീര സഹകരണ സംഘങ്ങളിലെ മികച്ച ക്ഷീര കര്‍ഷകരെ ആദരിച്ചു. കിള്ളിമംഗലം സ്വദേശി സുധീഷ് മനക്കത്തൊടി നിയോജക മണ്ഡലത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകനുള്ള അവാര്‍ഡ് നേടി. മണ്ണുത്തി ഡയറി സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്ഷീര മേഖലയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായ ഏകാങ്ക നാടകം അവതരിപ്പിച്ചു.

പഴയന്നൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ കാളിയത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ശ്രീജയന്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, വരവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാബു, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല രവികുമാര്‍, വെറ്ററിനറി ഡോക്ടര്‍ എം.ബി രാജേഷ്, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ കെ.ജി. ജിഷ, ടി.പി. പ്രകാശ്, പഴയന്നൂര്‍ ക്ഷീര വികസന ഓഫീസര്‍ പി. അനൂപ്, വടക്കാഞ്ചേരി ക്ഷീരവികസന ഓഫീസര്‍ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 250 കര്‍ഷകര്‍ സെമിനാറില്‍ പങ്കെടുത്തു.