ഒന്നും രണ്ടും പിണറായി സർക്കാർ കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലെയ്സ് വകുപ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. തിരൂർ ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് നടന്ന നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ നടപ്പാക്കി വരുന്ന വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളോട് പങ്കുവെക്കാനും ജനങ്ങളുടെ നിലപാടും ജനങ്ങളുടെ അഭിപ്രായവും തേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നവ കേരള യാത്ര 140 നിയോജകമണ്ഡലം നടന്നു വരുന്നത്. 2016 ന് മുൻപ് സമസ്ത മേഖലകളിലും വികസന മുരടിപ്പുമായി നിന്നിടത്തു നിന്നും നടപ്പാക്കാൻ കഴിയുന്ന മുഴുൻ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കി സർക്കാർ മുന്നേറുകയാണ്.
പലകാരണങ്ങൾ കൊണ്ട് ഭൂമിക്ക് പട്ടയം ലഭിക്കാതെ വർഷങ്ങളായി ദുരിതമനുഭവിക്കുന്നവർക്ക് പട്ടയ മിഷനിലൂടെ പട്ടയ വിതരണം പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. അതിലെ ഏറ്റവും സംതൃപ്തരായ ജനങ്ങൾ തിരൂർ മണ്ഡലത്തിലെ കൊടക്കൽ ടൈൽ ഫാക്ടറി ഭൂമിയിലെ താമസക്കാരാണ്. 47 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫാക്ടറി ഭൂമി മിച്ചഭൂമിയായി മാറ്റി നൽകിയാണ് ഇവിടെയുള്ള കുടുംബങ്ങൾക്ക് പട്ടയം നൽകിയത്. കാലാനുസൃതമായ മാറ്റങ്ങൾ ഭരണനിർവഹണത്തിൽ സ്വീകരിച്ച് സമൂഹത്തിന്റെ സമത മേഖലകളിലേയും മാറ്റങ്ങൾ ഉൾകൊണ്ടാണ് വികസന മുന്നേറ്റങ്ങൾ നടപ്പിലാക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ നയങ്ങൾ സംസ്ഥാനത്തിന് പല വിധത്തിൽ തിരിച്ചടിയാകുമ്പോഴും മറ്റ് സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാനില്ലാത്ത മുന്നേറ്റമാണ് ഇവിടെ നടന്നു വരുന്നത്.
ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നതോടെ കേന്ദ്ര വിഹിതം പല കാരണങ്ങളാൽ ചുരുക്കിയപ്പോഴും . പൊതുവിതരണ രംഗത്ത് എല്ലാ ജനങ്ങൾക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിൽ സർക്കാർ അതീവ ശ്രദ്ധ നൽകിയിട്ടുണ്ട്. റേഷൻ വിതരണത്തിൽ അനർഹരെ മുൻഗണനാ വിഭാഗത്തിൽ നിന്നും ഒഴിവാക്കി അർഹതപ്പെട്ടവർക്ക് മുൻഗണനാ വിഭാഗം ഭക്ഷ്യധാന്യം നൽകി വരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ആറ് മാസത്തിലൊരിക്കൽ പുനക്രമീകരിക്കുന്നു.
സംസ്ഥാനത്തേക്കുള്ള എഫ്.സി ഐ വിഹിതം കൂട്ടണമെന്ന് നിരന്തരം ആവശ്യപ്പെടുമ്പോഴും കേന്ദ്രം അവഗണിക്കുകയാണ്. ഇത്തരത്തിൽ വിദ്യഭ്യാസം, ആരോഗ്യം, കുടിവെള്ളം, പാർപ്പിടം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. 2024 നവംബർ ഒന്നിനകം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു ‘ .