വികസന കാര്യത്തിലും സര്‍ക്കാറിന് ആരെയും ഭയമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. തൊട്ടാല്‍ കൈ പൊള്ളുമെന്ന് ഭയന്ന് വിവിധ സർക്കാറുകൾ മാറ്റി വെച്ച പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തിരൂർ ബോയ്സ് സ്കൂളിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിൽ ഏറെ സങ്കീർണ ഘട്ടമായ ഭൂമി ഏറ്റെടുക്കൽ എറ്റവും മികച്ച പാക്കേജ് ഉറപ്പാക്കി പൂർത്തിയാക്കാൻ സർക്കാരിനായി. ഇതുൾപ്പടെ പലരും നടപ്പിലാക്കാൻ കഴിയാതെ ഉപേക്ഷിച്ച പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരികയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വിനോദ സഞ്ചാരം തുടങ്ങി സമസ്ത മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങൾ ഏതൊരാൾക്കും വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.