തിരൂരിന്റെ ചരിത്രപരവും പൈതൃകപരവുമായ പ്രാധാന്യം മനസ്സിലാക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് തിരൂർ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരൂരിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ അധികാരത്തിൽ വന്നു ചുരുങ്ങിയ ദിവസത്തിനുള്ളിൽ തിരൂരിൽ എത്തിയപ്പോൾ ജനങ്ങളുമായി സംസാരിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പ്രശ്നങ്ങളാണ് ശ്രദ്ധയിൽപ്പെടുത്തിയത്.
താഴെപ്പാലം പാലം, തിരൂർ ടൗൺ റെയിൽവേ മേൽപ്പാലം, പൊന്മുണ്ടം ബൈപ്പാസ് റെയിൽവേ മേൽപ്പാലം എന്നിവയയായിരുന്നു അത്. ഇതിൽ താഴെപ്പാലം അപ്രോച്ച് റോഡ് ഉൾപ്പടെ നിർമിച്ച് പൂർത്തിയാക്കാനായി. തിരൂർ ടൗൺ റെയിൽവേ മേൽപ്പാലം അടുത്ത് തന്നെ ഗതാഗതത്തിന് വിട്ടുകൊടുക്കാനാവും. പൊന്മുണ്ടം ബൈപ്പാസ് റെയിൽവേ മേൽപ്പാലം സേതു ഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുന്നാവായ പാലം നിർമ്മാണത്തിന് 48.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഡിസൈൻ സംബന്ധമായ ചില കാര്യങ്ങൾ കൂടി പരിഹരിക്കുന്നതോടെ ആ പദ്ധതിയും നടപ്പിലാക്കാനാവും. തിരൂർ മണ്ഡലത്തിലെ ആകെയുള്ള 122 കിലോമീറ്റർ പൊതുമരാമത്ത് റോഡിൽ 115 കിലോമീറ്റർ റോഡുകളും ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്ന നിർമ്മാണ രീതിയായ ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിച്ചതായും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിനായി 25 ശതമാനം തുക സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം ഏറ്റെടുത്തത് 203 ഹെക്ടർ ഭൂമിയാണ്. നഷ്ടപരിഹാരമായി 875.25 കോടിയാണ് ഈ ഇനത്തിൽ സംസ്ഥാന സർക്കാർ ചെലവഴിച്ചത്. തീരദേശ ഹൈവേയും മികച്ച പാക്കേജിൽ സ്ഥലമേറ്റെടുക്കൽ ഉൾപ്പടെ പൂർത്തിയാക്കി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.