സർക്കാരിലുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് താനൂരിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയം എന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഉണ്ണ്യാൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച താനൂർ മണ്ഡലതല നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അസാധ്യമെന്ന് കരുതിയ നിരവധി കാര്യങ്ങളാണ് കഴിഞ്ഞ ഏഴര വർഷകാലമായി സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നത്. സമത്വാധിഷ്ഠിതമായ വിദ്യാഭ്യാസം, ജീവിതനിലവാര സൂചികയിലെ മുന്നേറ്റം, ആരോഗ്യം, ടൂറിസം, ഗതാഗതം, വ്യവസായം തുടങ്ങിയ മേഖലയിലെ വളർച്ച എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ലിംഗസമത്വം, സ്ത്രീ -പുരുഷ അനുപാതം, പ്രാഥമിക വിദ്യാഭ്യാസം, ശിശുമരണ നിരക്കിലെ കുറവ്, ഗർഭിണികളുടെ മരണനിരക്കിൽ കുറവ്, ട്രാൻസ്ജൻഡർ വിഭാഗത്തിന്റെ അവകാശ സംരക്ഷണം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ കേരളം ഒന്നാമതാണ്.
2.8 ലക്ഷം പേർക്ക് പുതിയറേഷൻ കാർഡുകൾ, 18 ലക്ഷം ഗാർഹിക കണക്ഷനുകൾ, മുപ്പതിനായിരത്തിലധികം പി എസ് സി നിയമനങ്ങൾ, 60 ലക്ഷം പേർക്ക് ക്ഷേമ പെൻഷനുകൾ എന്നിവ നൽകി സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് പുതിയ ചരിത്രം രചിക്കുകയാണ് സർക്കാർ. രാഷ്ട്രീയ- ജാതിമത ചിന്തകൾക്കതീതമായി സമൂഹത്തിന്റെ പരിച്ഛേദമായി മാറുകയാണ് നവകേരള സദസ്സെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.