പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നേടിയവര്‍ക്കുള്ള പ്രവര്‍ത്തിപരിചയം ഉറപ്പാക്കുന്ന  ജില്ലാ പഞ്ചായത്തിന്റെ ‘കാവല്‍’  പദ്ധതിക്ക് തുടക്കമായി. പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇച്ഛാശക്തിക്കനുസരിച്ചുള്ള അറിവും പരിശീലനവുമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. പാതിവഴിയില്‍ നിലച്ചുപോയ വിദ്യാഭ്യാസത്തിന് ഇടത്താവളമാവുകയാണ് കാവല്‍ പോലുള്ള പദ്ധതികളെന്നും കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലേക്കുള്ള മത്സരപരീക്ഷകള്‍ക്ക് സൗജന്യപരിശീലനം നല്‍കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയായ നിബോധിത പ്രോജക്ടിലൂടെ വിവിധ വകുപ്പുകളില്‍ നിയമനം ലഭ്യമായ ഉദ്യോഗാര്‍ഥികളെ ചെയര്‍മാന്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനായി.  കാവല്‍, നിബോധിത, മാലാഖക്കൂട്ടം തുടങ്ങി നൂതന  പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനം ലഭിച്ച 51 ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന ഉത്തരവും കൈമാറി.

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, ഫാമുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് അപ്രന്റിസ്ഷിപ്പ് പരിശീലനം നല്‍കുന്നത്. പ്രവൃത്തിപരിചയം കൂടി ലഭ്യമാക്കി തൊഴില്‍സാധ്യതയാണ് വര്‍ധിപ്പിക്കുന്നത്. യോഗത്തില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ അനില്‍ എസ് കല്ലേലിഭാഗം, വസന്ത രമേശ്, കെ ഷാജി, അംഗങ്ങളായ എസ് സോമന്‍, സി പി സുധീഷ് കുമാര്‍, ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ എസ് എസ് ബീന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.