മലപ്പുറം ജില്ലയിൽ നവകേരള സദസ്സ് ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്നും ഓരോ വേദികളിലും നിറഞ്ഞുകവിഞ്ഞ ആൾക്കൂട്ടം അതാണ് സൂചിപ്പിക്കുന്നതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വേങ്ങര മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളെ ജനങ്ങൾക്ക് തിരസ്‌കരിച്ചു.

ഏഴ് വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയിട്ടുള്ള വികസനങ്ങൾ ജനങ്ങൾക്ക് മുന്നിൽ നിന്നും മായ്ച്ചു കളയാൻ ആർക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പലവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ചെത്തിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. അക്കാലങ്ങളിൽ ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും ഒട്ടും പിന്നോട്ട് പോയിട്ടില്ല. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും
വികസനം പദ്ധതിക്കൾ നടപ്പിലാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങളെ ആദ്യം എതിർത്തവർക്ക് പോലും പിന്നീട് ഇതിന്റെ ഭാഗമാകേണ്ടി വന്ന കാഴ്ചയാണ് ഇപ്പോൾ നിലവിലുള്ളത്. കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ വാങ്ങിയെടുക്കുന്നതിൽ രാഷ്ട്രീയം കലർത്തരുതെന്നും മന്ത്രി പറഞ്ഞു.