നവകേരളത്തെ വിജ്ഞാന സമൂഹമാക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ സി ടി അക്കാദമി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല നൈപുണ്യമേള ഡിസംബര്‍ 2 നു മുട്ടം യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളജില്‍ നടക്കും. കേരള നോളജ് ഇക്കോണമി മിഷന്‍ വഴി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്കും ഒരുപോലെ രജിസ്റ്റര്‍ ചെയ്യാവുന്ന ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കിയിരുന്നു.
ഇടുക്കി ജില്ലയില്‍ ഡിഡബ്ല്യുഎംഎസ് ആപ്ലിക്കേഷന്‍ മുഖേന 37833 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത ഈ ഉദ്യോഗാര്‍ഥികള്‍ക്കും മറ്റ് തൊഴില്‍ അന്വേഷകര്‍ക്കുമായാണ് നൈപുണ്യ മേള സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് ആരംഭിക്കുന്ന മേളയില്‍ വൈജ്ഞാനിക തൊഴിലുകള്‍ക്ക് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്നതിനു പ്രത്യേകം തിരഞ്ഞെടുത്ത 20 ല്‍ പരം തൊഴില്‍ മേഖലകളില്‍ നിന്നുള്ള നൂറിലധികം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം നടക്കും. കൂടാതെ നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍, പരിശീലന സ്‌കോളര്‍ഷിപ്പ്, ഇന്റേണ്‍ഷിപ്, അപ്രന്റിഷിപ്പ് തുടങ്ങിയവയിലേക്കുള്ള സ്പോട് രജിസ്ട്രേഷന്‍, വിവിധ വ്യവസായങ്ങളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകള്‍, 1500ലധികം തിരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ എന്നിവയും നടക്കും. 17 വയസ്സു മുതല്‍ 58 വയസ്സുവരെ പ്രായക്കാരായ എല്ലാ തൊഴിലന്വേഷകര്‍ക്കും മേളയില്‍ സൗജന്യമായി പങ്കെടുക്കാം.