പ്രൊഫഷണല്‍ മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ലഭിക്കുന്ന മികവിന്റെ അംഗീകാരമായ എന്‍.ബി.എ കരസ്ഥമാക്കി ചേലക്കര ഗവ. പോളിടെക്‌നിക് കോളേജ്. കോളേജിലെ സിവില്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എന്നീ മൂന്നു ഡിപ്ലോമാ പ്രോഗ്രാമുകള്‍ക്കാണ് എന്‍.ബി.എ അക്രഡിറ്റേഷന്‍ ലഭിച്ചത്.

ഒക്ടോബര്‍ 13 മുതല്‍ 15 വരെ നടന്ന വിദഗ്ദ സമിതിയുടെ വിലയിരുത്തല്‍ പ്രകാരം അധ്യാപന-പഠന നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലും മറ്റും മികവ് ഉറപ്പാക്കിക്കൊണ്ട് എന്‍ബിഎയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് കോളേജ് ഈ നേട്ടം കൈവരിച്ചത്. വ്യവസായ ആവശ്യകതകള്‍ നിറവേറ്റുന്നതിനും ഉയര്‍ന്ന കഴിവുള്ള ബിരുദധാരികളെ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അന്തര്‍ദേശീയ മികച്ച സമ്പ്രദായങ്ങളുമായി യോജിപ്പിച്ചതാണ് അക്രഡിറ്റേഷന്‍.

1999-ല്‍ ചേലക്കരയില്‍ രണ്ടു വാടകക്കെട്ടിടങ്ങളിലായി ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്നീ മൂന്നു എഞ്ചിനീയറിംഗ് ഡിപ്ലോമാ പ്രോഗ്രാമുകളും ഏതാണ്ട് 150 ഓളം വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച കോളേജ് 2005-ല്‍ സ്വന്തം ക്യാമ്പസ് നിര്‍മിക്കുന്നതിനാവശ്യമായ 10.16 ഏക്കര്‍ സ്ഥലം തോന്നൂര്‍ക്കരയില്‍ സ്വന്തമാക്കി. 2008-ല്‍ ഭരണ വിഭാഗമന്ദിരം പണി പൂര്‍ത്തികരിച്ച് ക്ലാസുകള്‍ ഇവിടേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചു. 2012-ല്‍ അക്കാദമിക് ബ്ലോക്കിന്റെ പണി പൂര്‍ത്തികരിച്ച് ക്ലാസുകള്‍ അവിടേക്ക് സജ്ജീകരിച്ചു.

പിന്നീട് 2014-ല്‍ സിവില്‍, മെക്കാനിക്കല്‍ എന്നീ പ്രോഗ്രാമുകള്‍ കൂടി ആരംഭിക്കുകയും ചെയ്ത ഈ സ്ഥാപനം ഇന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികളും 100-ല്‍പ്പരം അധ്യാപക-അനധ്യാപക ജീവനക്കാരുമുള്ള കേരളത്തിലെ ഒന്നാംകിട പോളിടെക്‌നിക്കുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു. 2023 ഏപ്രില്‍ മാസത്തിലാണ് സിവില്‍, മെക്കാനിക്കല്‍ വിഭാഗം പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്.

സാമൂഹിക പ്രസക്തിയുള്ള ധാരാളം പ്രോജക്ടുകള്‍ കോളേജ് ഏറ്റെടുത്തിട്ടുണ്ട്. എം.ജി. യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഫണ്ട് ഉപയോഗിച്ച് ഖരമാലിന്യങ്ങളില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ബ്ലോക്കുകള്‍ നിര്‍മിക്കുന്ന സിവില്‍ മെക്കാനിക്കല്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോജക്ടിന് നിലവില്‍ ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രമായി വികസിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം തൊഴില്‍ മേഖലയിലെ സാധ്യതകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയും, ശാസ്ത്ര സാങ്കേതിക മേഖലകളിലെ പുതിയ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുകയും ചെയ്യുന്നു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനുള്ള കോളേജിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടം. 2019-ല്‍ ആരംഭിച്ച അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തികുറിച്ച്‌കൊണ്ട് അക്രഡിറ്റേഷന്‍ നേടാന്‍ കഴിഞ്ഞത് രജതജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ തന്നെയാണെന്നത് കോളേജിനെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമാണ്.