പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും അവസരമൊരുക്കികൊണ്ട് ഡിസംബര്‍ 9 വരെ ജില്ലയിലെ എല്ലാ കോളേജുകളിലും പ്രൊഫഷണല്‍ കോളേജുകളിലും പോളിടെക്‌നിക്ക് കോളേജുകളിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥിനി ലിന്റാ വി. മാത്യുവിന്റെ അപേക്ഷ സമര്‍പ്പിച്ചു കൊണ്ട് നിര്‍വഹിച്ചു.
തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം.സി. ജ്യോതി, പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ടി.എല്‍. ബീന, ഇ.എല്‍.സി ജില്ലാ കോര്‍ഡിനേറ്റര്‍ എം. ശ്രീനിവാസ്, ഇ.എല്‍.സി കോര്‍ഡിനേറ്റര്‍ ഡോ. ധന്യ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശാനുസരണം നടത്തുന്ന ക്യാമ്പില്‍ ജനന തീയതി, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പങ്കെടുത്ത് സേവനം പ്രയോജനപ്പെടുത്താം. (വി.എച്ച്.എ) വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലൂടെയോ voters.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ചോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ബന്ധപ്പെടാവുന്നതാണ്.