നവകേരള സദസ്സ് ബഹിഷ്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ ഭാവി കേരളത്തിൻ്റെ വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് നവകേരള സദസ്സിൽ ചർച്ച ചെയ്യുന്നത്. ഇത്തരം പരിപാടികൾ ബഹിഷ്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായി അവർ കണക്കാക്കും. അതിനുള്ള തെളിവാണ് സദസ്സിനെത്തുന്ന ജനക്കൂട്ടമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ കാര്യങ്ങളിലും കേരളം രാജ്യത്തിന് മാതൃകയാണ്. നീതി ആയോഗ് പട്ടികയിൽ കേരളം മുന്നിലാണ്. എല്ലാവർക്കും വീട്, ഭക്ഷണം, കുടിവെള്ളം എന്നിവ നൽകാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഏറെ മുന്നേറ്റമുണ്ടാക്കാൻ കേരളത്തിന് കഴിഞ്ഞു. അസാധ്യമെന്ന് കരുതിയ വികസന പദ്ധതികൾ നടപ്പാക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. ഗെയിൽ പൈപ്പ്ലൈൻ, ദേശീയപാത , വിഴിഞ്ഞം തുറമുഖം എന്നിവ പൂർത്തിയാക്കിയത് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.