ജനഹൃദയങ്ങളിലേക്ക് സർക്കാർ അടുത്തത്തിന്റെ കാഴ്ചയാണ് നവകേരള സദസ്സിലെ വൻ ജനാവലിയെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മഞ്ചേരി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ സംരക്ഷണമാണ് പ്രധാനം. ജനക്ഷേമം മുൻനിർത്തി എണ്ണമറ്റ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയത്. ആദ്യപടിയായി ഫയൽ തീർപ്പാക്കൽ യജ്ഞം മുതൽ താലൂക്ക്തല അദാലത്ത്, മേഖലാതല യോഗങ്ങൾ വരെ നടത്തി. ഒട്ടേറെ പ്രശ്‌നങ്ങൾക്കാണ് പരിഹാരമായത്.

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം ഏറെ മുന്നിലായി. എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്നിന് ജലജീവൻ മിഷൻ മുഖേന മലപ്പുറത്ത് 5957 കോടിയുടെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. മഞ്ചേരി മണ്ഡലത്തിൽ മാത്രം 568 കോടി അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

സർക്കാർ സ്‌കൂളുകളുടെ മുഖച്ഛായ മാറി. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതായി. അക്കാദമിക് നിലവാരം ഉയർന്നു. ഉന്നതവിദ്യാഭ്യാസം രംഗത്തും മാറ്റങ്ങൾ ഉണ്ടായി. വിദേശ വിദ്യാർഥികൾ കേരളത്തെ ആശ്രയിച്ചു തുടങ്ങി. ടൂറിസം രംഗത്തും നിരവധി അംഗീകാരങ്ങൾ നേടി. ആരോഗ്യ രംഗം ലോകത്തിന് തന്നെ മാതൃകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. വ്യവസായ മേഖല ഉണർന്നു. 1,40,000 സംരംഭങ്ങൾ തുടങ്ങി. 8442 കോടിയുടെ നിക്ഷേപമുണ്ടായി. മൂന്ന് ലക്ഷം പേർക്ക് തൊഴിൽസാധ്യത സൃഷ്ടിച്ചു. യുവതയെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാൻ നൈപുണ്യ വികസന പരിശീലനം നൽകി. നെല്ലു സംഭരണത്തിന് കേന്ദ്ര വിഹിതം നൽകാതെ അവഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ കാർഷിക മേഖലയെ ചേർത്തുനിർത്തി. മത്സ്യത്തൊഴിലാളികൾ, തോട്ടംതൊഴിലാളി വിഭാഗങ്ങളെ കരുതലോടെ സംരക്ഷിക്കുന്നു. ഇത്തരത്തിൽ ജനഹിതമറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാറിന് പിടിച്ചുനിർത്താൻ കഴിയാത്തവിധം ശക്തി ജനങ്ങൾ നൽകുന്നതിന്റെ നേർസാക്ഷ്യമാണ് നവകേരള സദസ്സിന് ലഭിക്കുന്ന പിന്തുണയെന്ന് മന്ത്രി വ്യക്തമാക്കി.