നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേരി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടന്ന മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നാട് നേരിടുന്ന പ്രശ്നങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് നവകേരള സദസ്സിന്റെ ലക്ഷ്യം. സഹായിക്കേണ്ടവരുടെ ഭാഗത്തുനിന്ന് തടസ്സങ്ങൾ ഉണ്ടാകുന്നു. കേന്ദ്ര സർക്കാർ പല കാര്യങ്ങളിലും സഹായകരമായ നിലപാടല്ല സ്വീകരിക്കുന്നത്. കേന്ദ സർക്കാറിന്റെ വർഗീയത നിറഞ്ഞ നയങ്ങൾ കേരളം പിന്തുടരാത്തതിനാൽ ക്രൂരമായ അവഗണനയാണ് കേരളത്തോട് കാണിക്കുന്നത്.
സാമ്പത്തികമായി കേരളത്തെ ഞെരുക്കാനുളള ശ്രമമാണ് നടത്തുന്നത്. കേരളത്തിന് കിട്ടേണ്ട നികുതി വിഹിതമടക്കമുള അവകാശങ്ങൾ തടഞ്ഞുവെക്കുകയാണ്. നവകേരള സദസ്സിൽ എത്തിച്ചേരുന്ന ജനസഞ്ചയം നാടിന്റെ വികാരമാണ് കാണിക്കുന്നത്. നാടിനെയും നാടിന്റെ വികസനത്തെയും സ്‌നേഹിക്കുന്നവരാണ് നവകേരള സദസ്സുകളിൽ കൂട്ടം കൂട്ടമായി എത്തിച്ചേരുന്നത്. സർക്കാർ ധൈര്യമായി മുന്നോട്ടു പോവൂ. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശമാണ് ഈ ജനക്കൂട്ടം നൽകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ടി.കെ ഹംസ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. വാസവൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. മന്ത്രിമാരായ അഡ്വ. പി.എ മുഹമ്മദ് റിയാസ്, അഡ്വ. കെ രാജൻ, പ്രൊഫ. ഡോ. ആർ ബിന്ദു, എ.കെ ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, അഹമ്മദ് ദേവർകോവിൽ, എം.ബി രാജേഷ്, ആൻറണി രാജു, വി. അബ്ദുറഹിമാൻ, കെ. രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, ജി.ആർ അനിൽ, ജെ ചിഞ്ചുറാണി, വി ശിവൻ കുട്ടി എന്നിവർ സന്നിഹിതരായിരുന്നു. നവകേരള സദസ്സ് മഞ്ചേരി മണ്ഡലം നോഡൽ ഓഫീസർ മുഹമ്മദ് മുനീർ വടക്കുംപാടം സ്വാഗതവും കൺവീനർ സിനി നന്ദിയും പറഞ്ഞു.