അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികൾ കൊണ്ട് സർക്കാർ ആ ലക്ഷ്യം പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേരി മണ്ഡലം നവകേരള സദസ്സ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ മലപ്പുറത്തിന്റെ പങ്ക് നിർണായകമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിക്കൂട്ടങ്ങൾ ഉണ്ടാക്കിയത് മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ 18 ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും 69 കേരഗ്രാമവുമുണ്ട്. ഏഴ് കേരഗ്രാം കൂടി ജില്ലക്ക് അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കേന്ദ്രം രണ്ടോ മൂന്നോ മാസം പച്ചത്തേങ്ങ സംഭരണം നടത്തുമ്പോൾ സംസ്ഥാനം പച്ചത്തേങ്ങാ സംഭരണത്തിന് 365 ദിവസവും തയാറാണ്. ആവശ്യം ഉയർന്നുവന്നാൽ സംഭരണ കേന്ദ്രം അനുവദിക്കും. 2016ൽ അധികാരത്തിൽ വരുമ്പോൾ വഴിമുട്ടി നിൽക്കുകയായിരുന്ന ദേശീയപാത വികസനം യാഥാത്ഥ്യമാക്കിയത് ഇടത് സർക്കാർ ആണ്. 5580 കോടി രൂപ ഇതിനായി ചിലവഴിച്ചു. അതേസമയം ലഭിക്കേണ്ട പണം സമയത്ത് കേന്ദ്രം അനുവദിക്കുന്നില്ലെന്നും കൃഷിയുമായി ബന്ധപ്പെട്ട് 790 കോടി കിട്ടാനുണ്ടെന്നും മന്ത്രി പറഞ്ഞു.
അഭയം നൽകേണ്ട ഭരണകൂടം വേട്ടയാടിയപ്പോൾ എതിർപ്പിന്റെ കോട്ടകെട്ടി സംരക്ഷണം നടത്തിയത് കേരളമാണ്. ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കേണ്ടതും നാടിന്റെ ജനതയെ സംരക്ഷിക്കേണ്ടതും ഭരണകൂടത്തിന്റെ ബാധ്യതയാണ്. പൗരത്വ വിഷയത്തിൽ കേരളം സ്വീകരിച്ചത് ആ നിലപാട് ആണ്. കേരളം വർഗീയവാദികൾക്ക് വളക്കൂറുള്ള മണ്ണാവാത്തത് ഇടത് ഭരണം ഉള്ളത് കൊണ്ടാണെന്നും അതുകൊണ്ടാണ് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെയും അവഗണിക്കാത്തപ്പോഴും കേരളത്തെ മാത്രം അവഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാമ്രാജ്യത്വ പോരാട്ടത്തിന്റെ മണ്ണാണ് മലപ്പുറം. ആലി മുസ്ലിയാരടക്കമുള്ളവരുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനെ മുന്നിൽ മഞ്ചേരി ഉണ്ടായിരുന്നു. നവകേരള സദസ്സ് ബഹിഷ്‌കരിക്കുകയല്ല മറിച്ച് ഭരണാധികാരികളോട് ആവശ്യങ്ങൾ പറയാനും സംവദിക്കാനും എത്തുകയാണ് വേണ്ടതെന്ന് പരിപാടിക്കെത്തിയ ജനക്കൂട്ടം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.