വർഗീയതയ്ക്ക് എതിരേ സ്വീകരിക്കുന്ന ഉറച്ച നിലപാടാണ് കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നീരസത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മങ്കട ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച മങ്കട മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം വിവേചനത്തിന് ഇരയാകുന്ന സംസ്ഥാനമാണ് കേരളം. വർഗീയതയിൽ അധിഷ്ഠിതമായ കേന്ദ്ര സർക്കാർ നയങ്ങളെ കേരളം ശക്തമായി എതിർക്കുകയാണ്. ഒരു ഘട്ടത്തിലും അതിന് മാറ്റമുണ്ടായിട്ടില്ല.

മതനിരപേക്ഷതയോട് തെല്ലും കൂറില്ലാത്ത വരാണ് കേന്ദ്രം ഭരിക്കുന്നത്. നയങ്ങളിലെ വ്യതിയാനത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങളുടെ അവകാശമാണ് കേന്ദ്രസർക്കാർ നിഷേധിക്കുന്നത്. ഇത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ്സ് സംഘടിപ്പിച്ചത്. നിരവധി നേട്ടങ്ങൾ കേരളം കൈവരിച്ചെങ്കിലും ഇനിയും മുന്നേറാനുണ്ട്. കാലാനുസൃതമായ പുരോഗതി നേടിയില്ലെങ്കിൽ കേരളം പിന്നോട്ട് പോകും. ഭാവിതലമുറ നമ്മെ ചോദ്യം ചെയ്യും. കേരളത്തിന്റെ മുന്നേറ്റത്തിന് തടസ്സമായി നിൽക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക സമീപനം. കേന്ദ്ര സമീപനം നാടിനെ മുന്നോട്ട് നയിക്കാൻ സഹായകരമല്ല.

നവകേരള സദസ്സ് ബഹിഷ്‌കരിക്കുന്നവർ നാടിന്റെ താത്പര്യത്തെയാണ് എതിർക്കുന്നത്. കേരളത്തിന്റെ ഭാവി ഭദ്രമാക്കാനാണ് സദസ്സ് സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരായ കേരളത്തിന്റെ വികാരം ഒറ്റക്കെട്ടായി പ്രകടിപ്പിക്കുകയാണ് ലക്ഷ്യം. ചിലർ ബഹിഷ്‌കരിച്ചാൽ ജനങ്ങൾ എല്ലാം വിട്ടുനിൽക്കുമെന്ന ചിന്ത ജനങ്ങളെ വിലകുറച്ചു കാണലാണ്.

പാലസ്തീൻ വിഷയത്തിലും രാജ്യവിരുദ്ധ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിലും സർക്കാരിന് ഒരുഘട്ടത്തിലും ആശയക്കുഴപ്പമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥിനി നജ ഫാത്തിമ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു എന്നിവർ സംസാരിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു, സജി ചെറിയാൻ, കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ, പി.രാജീവ്, റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി. രാജേഷ്, പി. പ്രസാദ്, അഹമ്മദ് ദേവർകോവിൽ, ജെ. ചിഞ്ചു റാണി, കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, ജില്ലാ കളക്ടർ വി.ആർ. വിനോദ് എന്നിവർ സന്നിഹിതരായി.

സംഘാടക സമിതി ചെയർമാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗവുമായ ഡോ. കെ.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് മങ്കട മണ്ഡലം നോഡൽ ഓഫീസറായ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി സ്വാഗതവും പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായ നന്ദിയും പറഞ്ഞു.