എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനിലൂടെ മങ്കട മണ്ഡലത്തിൽ മാത്രം 2493 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മങ്കട മണ്ഡലത്തിലെ നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതുൾപ്പെടെ സംസ്ഥാനത്തൊട്ടാകെ മൂന്നുലക്ഷത്തോളം കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളായി മാറിയത്. പ്രളയവും നിപ്പയും കോവിഡും ഉൾപ്പെടെ സംസ്ഥാനം നേരിട്ട പ്രതിസന്ധിഘട്ടങ്ങളിൽ ഒന്നും തന്നെ ജനങ്ങളെ കൈവിടാൻ സർക്കാർ ഒരുക്കമായിരുന്നില്ല. യഥാർത്ഥ യജമാനന്മാർ ജനങ്ങളാണെന്ന പൂർണ്ണ ബോധ്യത്തോടെയാണ് മന്ത്രിസഭയിലെ ഓരോ അംഗങ്ങളും പ്രവർത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.