സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന അധിക പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് മൂർക്കനാട് ഒരുക്കുന്ന പാൽപ്പൊടി നിർമാണ ഫാക്ടറി പൂർത്തീകരണ ഘട്ടത്തിലേക്കെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. എം.എസ്.പി.എൽ.പി സ്‌കൂളിൽ നടന്ന മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ അധികമായി ഉത്പാദിപ്പിച്ച പാൽ കർഷകർ ഒഴുക്കിക്കളഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. ഈ അവസ്ഥ ആവർത്തിക്കാതിരിക്കാനാണ് ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ഇന്നത് അന്തിമഘട്ടത്തിലാണ്. ഇതോടെ പാൽ സംഭരണ പ്രശ്‌നത്തിന് പരിഹാരമാകും. ഈവിധം ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള ഒട്ടേറെ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. ക്ഷീരകർഷകർക്ക് പലിശ രഹിത ലോൺ ലഭ്യമാക്കി. കാലിത്തീറ്റ സബ്സിഡിയോടെ നൽകി വരുന്നു. സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വെറ്ററിനറി ആംബുലൻസ് നൽകാൻ തീരുമാനിച്ചു. ഇതിൽ 23 എണ്ണം കൊടുത്തുകഴിഞ്ഞു. രാത്രിക്കാലത്ത് വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കി. ഇത്തരത്തിൽ കേരളത്തിൽ സാധ്യമാക്കിയ അനേകം വികസനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് സാധാരണക്കാരെ അറിയിക്കുക എന്ന ഉത്തരവാദിത്തത്തോടെയാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് ജനം പരിപാടിക്ക് പിന്തുണ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.