സംസ്ഥാനത്തെ ക്രമസമാധാനപാലനം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൊല്ലത്തെ സംഭവം അതിന് ഉദാഹരണമാണ്. ഏഴ് വർഷത്തിനിടയിൽ ജന സൗഹൃദ സമീപനത്തിൽ രാജ്യത്തിന് മാതൃകയാവുന്ന സമീപനമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മങ്കട നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വർഗീയ കലാപങ്ങളുണ്ടാക്കാൻ പലരും ശ്രമിച്ചിട്ടും നടക്കാത്തത് ഇവിടുത്തെ ആഭ്യന്തരവകുപ്പിന്റെ കൃത്യമായ ഇടപെടൽമൂലമാണ്. ഇവിടെ കേരള പോലീസിനെ ശരിയായ ദിശയിലാണ് നയിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. മാനവീക ഐക്യത്തിന്റെ നാടായ മങ്കടയിൽ രണ്ട് വർഷം കൊണ്ട് 129 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബി.സി പൂർത്തിയാക്കി. ഇത് 70 ശതമാത്തിലധികം വരും.

സംസ്ഥാന ശരാശരിയേക്കാളധികം മങ്കട മണ്ഡലത്തിൽ നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വളാഞ്ചേരി – അങ്ങാടിപ്പും – വള്ളിക്കപ്പറ്റ റോഡ് യാഥാർത്ഥ്യമാവുകയാണ്. ഓരാടംപാലം – വൈലോങ്ങര ബൈപ്പാസിനായി 16.1 കോടി രൂപയുടെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേതമില്ലാതെയാണ് കേരളത്തിലെ 140 മണ്ഡലങ്ങളിലും വികസനങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.