ജനങ്ങൾക്ക് ഈ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി കേരളം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണന്ന് മന്ത്രി പി.രാജീവ്. മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സദസ്സിൽ എത്തുന്ന ഓരോ പരാതിയ്ക്കും നിമിഷങ്ങൾക്കം പരിഹാരം എന്നതിന്റെ തെളിവാണ് മലപ്പുറത്ത് വരാൻ പോകുന്ന ഓപ്പൺ ജിം. ഇന്ന് ലഭിച്ച ആദ്യത്തെ പരാതിയായിരുന്നു ഓപ്പൺ ജിം വേണമെന്ന്. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഓപ്പൺ ജിം നിർമ്മിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി.

ജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രധാന്യം നൽകുന്ന സർക്കാരാണ് കേരളത്തിലേത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയുടെ മികച്ച ഉദാഹരണമാണ് മലപ്പുറത്തെ ‘ഇന്റർവെൽ’ വിദ്യാഭ്യാസ ടെക്സ്റ്റാർട്ടപ്പ്. ഉന്നതവിദ്യാഭ്യാസം, വ്യവസായ മേഖല, ആരോഗ്യമേഖല തുടങ്ങിയ സർവമേഖലകളും പുരോഗതിയുടെ പാതയിലാണ്. കേരളം ഇനിയും മുന്നേറാനുണ്ട്. ഈ സർക്കാർ മുഴുവൻ ജനതയുടെയും സർക്കാരാണ്. സർക്കാർ ഒരു ചാലകശക്തിയാണ്. നവകേരളത്തിനായി നമ്മൾ ഒന്നിച്ച് മുന്നേറുകയാണ്. അതിന്റെ തെളിവാണ് നവകേരള സദസ്സിലേക്ക് ഒഴുകുന്ന ജനത. ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞവരെ ജനങ്ങൾ ബഹിഷ്‌കരിച്ച കാഴ്ചയാണ് മലപ്പുറത്ത് കാണാനായത്. ഈ സർക്കാറിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. അത് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലാണ്. പൗരത്വഭേദഗതി ബില്ലിനെതിരെയും ഏക സിവിൽകോഡിനെതിരെയും പാലസ്തീൻ വിഷയത്തിലും എടുത്ത നിലപാടുകൾ ഇതിന് ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.