അസാധ്യമണെന്ന് കരുതിയ ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങി പല പദ്ധതികളും സാധ്യമാക്കിയ സർക്കാറാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം എം.എസ്.പി.എൽ.പി സ്‌കൂളിൽ നടന്ന മലപ്പുറം നിയോജക മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരുപാട് വികസന നേട്ടങ്ങളുണ്ടാകിയ നാടാണിത്. ഇനിയും നമുക്ക് ഒരുപാട് മുന്നോട്ടുപോവണം. ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് സർക്കാറിനെ കാണുന്നത്. ഈ വികസനം ഇനിയും തുടരും. മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയ പല പദ്ധതികളും നടപ്പാക്കാൻ സർക്കാറിനായി. കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനായി. എന്നാൽ സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ തടയാനാണ് കേന്ദ്ര സർക്കാർ ശ്രമം. സംസ്ഥാനത്തിന് നൽകേണ്ട അർഹമായ വിഹിതത്തിൽ കേന്ദം കുറവുവരുത്തി. നികുതി വിഹിതം നൽകുന്നില്ല. വായ്പാ പരിധി വെട്ടിക്കുറച്ചു. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് ശ്രമം. കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന ഈ നിലപാടിനെതിരെ പ്രതികരിക്കാൻ പ്രതിപക്ഷം ഭയക്കുകയാണ്. മതനിരപേക്ഷതയോട് തെല്ലും കൂറില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. നയങ്ങളിലെ വ്യതിയാനത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങളുടെ അവകാശമാണ് കേന്ദ്രസർക്കാർ നിഷേധിക്കുന്നത്. ഇത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ്സ്. പാലസ്തീൻ വിഷയത്തിലും രാജ്യവിരുദ്ധ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയർമാൻ വി.പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ ചിഞ്ചുറാണി, പി രാജീവ്, അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു. നവകേരള സദസ്സ് മലപ്പുറം മണ്ഡലം നോഡൽ ഓഫീസർ ജയപ്രകാശ് നാരായണൻ സ്വാഗതവും ജോ. കൺവീനർ കെ.എം. സുജാത നന്ദിയും പറഞ്ഞു. ഡിജിറ്റൽ പെയിന്റിങ്ങിലൂടെ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ ചിത്രം ചടങ്ങിൽവെച്ച് കലാകാരനായ ഇഷ്മിത് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.