ആദിവാസി മേഖലയിലെ വികസന വിഷയങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ച് വിനോദ് മാഞ്ചീരി. ചോലനായ്‌ക്ക ആദിവാസിവിഭാഗത്തിലെ ബിരുദധാരിയും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നരവംശ ശാസ്ത്ര ഗവേഷക വിദ്യാർത്ഥിയുമാണ് വിനോദ്. ഗാഢവനങ്ങളുടെ ഉൾത്തടങ്ങളിലെ പ്രകൃതിജീവിതത്തിൽനിന്ന്‌ പുറത്തുകടന്ന്‌, ഒട്ടേറെ വെല്ലുവിളികളെ മറികടന്നാണ്‌ വിനോദ്‌ തന്റെ യാത്ര തുടരുന്നത്‌. ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ, അമ്മമാരിലും കുഞ്ഞുങ്ങളിലും കാണുന്ന വിളർച്ച പ്രശ്നങ്ങൾക്ക് പരിഹാരം, ഇ ഗ്രാന്റ് വിഷയം, പുതുക്കിയ ബദൽ സ്കൂൾ സംവിധാനം, പ്രീ മെടിക് സംവിധാനം തുടങ്ങിയ കാര്യങ്ങൾ പ്രഭാത സദസ്സിൽ അദ്ദേഹം ഉന്നയിച്ചു. നിലവിൽ ഡിഗ്രി വിദ്യാർത്ഥികൾക്കായി നൽകി വരുന്ന ഇ ഗ്രാന്റ് കൃത്യമായി നൽകുന്നതിനും, അമ്മമാരിലെയും കുഞ്ഞുങ്ങളിലെയും വിളർച്ചയും ആരോഗ്യപ്രശ്നങ്ങളും വിവ പദ്ധതിയുമായി ബന്ധപ്പെടുത്തി പരിഹരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.