നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ച് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സ്. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമൊപ്പം പ്രഭാത യോഗത്തിൽ പങ്കെടുത്തത്. അതിഥികൾക്കൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. പെരിന്തൽമണ്ണയുടെ വികസനത്തിന് ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോട് കൂടിയ മാനത്ത്മംഗലം ഓരാടം ബൈപ്പാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുൻ എംഎൽഎ വി. ശശികുമാർ അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള തകർന്ന റോഡ് മികച്ച രീതിയിൽ ഗതാഗതയോഗ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സെന്റർ ഡയറക്ടർ ഡോ.കെ.പി ഫൈസൽ ആവശ്യപ്പെട്ടു. 350 ഓളം ഏക്കർ ഭൂമിയിൽ ആരംഭകാലത്ത് വിഭാവനം ചെയ്ത വിശാലമായ സമ്പൂർണ ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സഹായം ആവശ്യമാണെന്നും ഇതിന് സംസ്ഥാന സർക്കാറിന്റെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും റോഡ് നല്ല നിലവാരത്തിൽ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
മങ്കട നിയോജക മണ്ഡലത്തിൽ കിടത്തി ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ഇഎംഎസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മോഹൻ പുളിക്കലിന്റെ ആവശ്യത്തോട് ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മഞ്ചേരി ജനറൽ ഹോസ്പിറ്റൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം, നിർഭയ വൊളന്റിയർമാർക്ക് വേതനം സമയബന്ധിതമായി നൽകണം, വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പെൺകുട്ടികൾക്കുള്ള ഹോം സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ അഡ്വ. സുജാത ഉന്നയിച്ചു. അങ്കണവാടി വർക്കർമാരുടെ നിയമനത്തിന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിർബന്ധം ഒഴിവാക്കണമെന്ന വിഷയത്തിൽ അത്തരം സങ്കീർണമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ആവശ്യപ്പെടാറില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തവനൂരിലെ നിർഭയ കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലമ്പൂരിൽ ടൂറിസം വികസനത്തിന്റെ ഭാഗമായി ടൂറിസം ഇൻഫർമേഷൻ സെന്റർ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, സൗന്ദര്യവത്കരണം, ബസ് സർവീസുകൾ, സഞ്ചാരികൾക്ക് താമസസൗകര്യം, ടൂറിസം ഗൈഡ്, റബ്ബറൈസ്ഡ് റോഡുകൾ തുടങ്ങിയവ സജ്ജമാക്കണമെന്ന ടൂറിസം സംരംഭകൻ ബിജു പോൾ ആവശ്യപ്പെട്ടു. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ഓട്ടിസം പാർക്ക് സ്ഥാപിക്കുക, ബഡ്സ് സ്കൂളുകളെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കുക, വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പ്രശ്നങ്ങൾ എന്നിവയും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. അതിദാരിദ്ര്യം ലഘൂകരിക്കുന്നതിന് വ്യാപാരികൾ തങ്ങൾക്ക് കഴിയുന്ന ഇടപെടലുകൾ നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി യോഗം ഉദ്ഘാടനം ചെയ്യുന്ന അവസരത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
പാലോളി മുഹമ്മദ് കുട്ടി, പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദിലെ ഇമാം മുഹമ്മദലി ഫൈസി, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഫാദർ മാത്യൂസ് വറ്റിയാനിക്കൽ, പാറക്കോട്ടിൽ നാരായണൻ, പി.ടി അൻവർ, നിലമ്പൂർ ആയിഷ, ജില്ലാ കളക്ടർ വി.ആർ. വിനോദ് തുടങ്ങിയവർ പ്രഭാത സദസ്സിൽ പങ്കെടുത്തു.