കളമശ്ശേരി നിയോജകമണ്ഡലത്തിലെ നവ കേരള സദസ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു. ഇടപ്പള്ളി ടോള്‍ മുതല്‍ പ്രീമിയര്‍ ജംഗ്ഷന്‍ വരെ നീണ്ട കൂട്ട നടത്തത്തില്‍ നായകനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുന്നില്‍ നിന്നു നയിച്ചു.
‘നമുക്കും നടക്കാം നവ കേരളത്തിനൊപ്പം’ എന്ന സന്ദേശം ഉയര്‍ത്തി സംഘടിപ്പിച്ച കൂട്ട നടത്തത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി.എ നജീബ്, കില ചെയര്‍മാന്‍ കെ.എന്‍ ഗോപിനാഥ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
ജനങ്ങള്‍ക്ക് അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള നല്ല അവസരമാണിതെന്നും എല്ലാവരും നവ കേരള സദസിനെ ആവേശകരമായി ഏറ്റെടുത്ത് പരിപാടി വന്‍ വിജയമാക്കി മാറ്റണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും എത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് ഏറ്റവും വലിയ ജനാധിപത്യ മുന്നേറ്റമാണെന്നും കളക്ടര്‍ പറഞ്ഞു.
ഡിസംബര്‍ എട്ടിന് പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപത്തെ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 2.30 നാണ് കളമശ്ശേരി മണ്ഡലം നവ കേരള സദസ് നടക്കുന്നത്. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ 25ന് ചുമരെഴുത്ത് സംഘടിപ്പിച്ചിരുന്നു.